സുഡാനി ഫ്രം നൈജീരിയ

സക്കറിയ സംവിധാനം ചെയ്ത സുഡാനി ഫ്രം നൈജീരിയ കണ്ടു.
(spoiler alert ഉണ്ടേ.. :) )
അതിമനോഹരമായ, ജീവിതത്തിന്റേയും, സ്നേഹത്തിന്റെയും യാത്രയായിരുന്നു അത്.
മജീദും സുഹൃത്തുകളും, സുഡു എന്ന നൈജീരിയക്കാരനായ കളിക്കാരനും, അമ്മമാരും ആ യാത്രയിലെ ഇരുവശങ്ങളിലെ വലിയ ആകാശങ്ങളും.
ഫുട്ബോള്‍ കളിയെ നെഞ്ചോടുചേര്‍ക്കുന്ന ഇതുവരെ പെണ്ണ് കിട്ടാത്ത ഒരു കഥാപാത്രമാണ് സൗബിന്‍ ഷഹീറായെത്തുന്ന മജീദ്. ഈ കഥയില്‍ അയാള്‍ നായകനാണോ എന്നുള്ള ചോദ്യത്തിനുത്തരമില്ല. നമ്മുടെ ജീവിതംപോലെ നമ്മുടെ ഓരോ വീക്ഷണകോണിലും നാം തന്നെ നമ്മുടെ കഥയിലെ നായകനും, നായികയുമാകുമ്പോള്‍ അവരൊക്കെ വെറും സാധാരണക്കാരായി കാണികളുടെ മനസ്സില്‍ ഇടം നേടുന്നു.
കുറച്ച് മാത്രം ദൃശ്യവും, സംഭാഷണവുംകൊണ്ട് ഒരുപാട് യാഥാര്‍ത്ഥ്യങ്ങളെ വിളിച്ചോതുന്ന കഥാപാത്രമാണ് മജീദിന്റെ അച്ഛന്‍, അല്ല മജീദിന്റെ രണ്ടാനച്ഛന്‍‍. വാര്‍ദ്ധക്യത്തിന്റെ നിസ്സഹായതയും,നിറഞ്ഞ സ്നേഹവും ആ ചിരികളില്‍ കാണാം.
രണ്ട് സഹോദരിമാരും, ഒരു മുത്തശ്ശിയുമടങ്ങുന്ന തന്റെ കുടുംബത്തിനായി കളിച്ച് ജീവിക്കാനെത്തുന്ന, അവരുടെ വിശപ്പകറ്റാനെത്തുകയാണ് സുഡു. തുടക്കത്തില്‍ അവരൊക്കെ അതിവേഗത്തില്‍ പായുന്ന കറുത്ത കളിക്കാരാകുമ്പോള്‍ ഉടനീളം നമ്മുടെ ഉള്ളിലെ സ്നേഹത്തിന്റെ കറുത്തവനായി മാറുന്നു. സിനിമയുടെ പകുതിയോടടുക്കുമ്പോള്‍ പരിക്കേല്‍ക്കുന്ന സുഡു അവരുടെ ടീമിന്റെ മാനേജറായ മജീദിന്റെ വീട്ടിലെത്തുകയാണ്..അവിടെ സുഡുവിനെ സ്നേഹിക്കാന്‍ അമ്മയും അയല്‍ക്കാരിയായ ബിയുമ്മയുമുണ്ട്. ഈ സിനിമയുടെ പ്രകാശമേറിയ ഒരു തലം ഈ രണ്ട് അമ്മമാരുടേതാണ്. അവരുടെ തമാശകളും, വേവലാതികളും, വലിയ ഹൃദയവുമാണ് ആ പ്രാകാശം. കിടപ്പിലായിരിക്കുന്ന സുഡുവിനായി ചുറ്റും, കൂട്ടുകാരും, കുട്ടികളും, അയല്‍ക്കാരും എല്ലാവരും...
തന്റെ മുത്തശ്ശി മരിച്ചു എന്നറിയുന്ന സുഡു എത്തിപ്പെടുന്നത് തന്റേതന്നെ ജീവിതത്തിലേക്കാണ്. അയാള്‍ മജീദിനോട് പറയുന്നുണ്ട്,"
ഇത്രയും സുന്ദരമല്ല ഞങ്ങളുടെ ജീവിതം, ഞങ്ങള്‍ വീടില്ലാത്തവരാണ്, അഭയാര്‍ത്ഥികള്‍. എനിക്ക് രണ്ട് സഹോദരിമാരും, മുത്തശ്ശിയും മാത്രമേയുള്ളു. മുത്തശ്ശിയും യാത്രയാകുമ്പോള്‍ ഇനി അവര്‍ക്ക് ഞാന്‍ മാത്രം ബാക്കി, അവര്‍ ഒറ്റക്കാണ്. ‍"
എത്രതന്നെ ഭാഷയിലും നിറത്തിലും, പരസ്പരം വ്യത്യാസപ്പെടുമ്പോഴും അവരുടെ രക്തവും, മുറിവും,ബന്ധങ്ങളുടെ ആഴവും മനുഷ്യരില്‍ തുല്യമാണെന്ന് സുഡു നമ്മെ പഠിപ്പിക്കുന്നു. പാസ്പോര്‍ട്ട് കാണാതാകുന്നതോടെ സുഡുവിന്റെ തിരിച്ചുപോകാനുള്ള അവസാനത്തെ വഴിയും മുടങ്ങുകയാണ്. അവിടെ എല്ലാത്തിനും മജീദ് കൂടെയുണ്ട്.
കഥയുടെ അന്ത്യത്തില്‍ സുഡു തന്റെ നാട്ടിലേക്ക് തിരിച്ചുപോകുകയാണ്. മജീദിന്റെ അമ്മ അവരുടെ സ്വര്‍ണ്ണ കമ്മലുകള്‍ സുഡുവിലേക്ക് നീട്ടുന്നു. മൂല്യം ഏന്തുന്ന മണ്‍തരികള്‍ ഉണ്ടാകുന്നത് അപ്പോഴാണ്. ആ അമ്മയുടെ കണ്ണുകളിലെ പുഞ്ചിരിക്ക് കടലോളം വലുപ്പവും.
തന്റെ രണ്ട് അമ്മമാരോടും, കുഞ്ഞുകൂട്ടുകാരോടും, അയല്‍ക്കാരോടും യാത്ര പറഞ്ഞ് ആകാശത്തിലേക്ക് വീശുന്ന കറുത്ത കൈകള്‍ പുറത്തേക്ക് നീളുന്നു. അയാള്‍ എയര്‍പോര്‍ട്ടിലെത്തി.
തന്റെ കുടുംബത്തിന്റെ കരങ്ങളിലേക്ക് അയാള്‍ പറന്നകലും മുമ്പ് കളിക്കാരെപ്പോലെ ഹൃദയത്തിന്റെ ജേഴ്സി മജീദും, സുഡുവും പരസ്പരം കൈമാറുന്നു. മാനുഷ്യകതയ്ക്ക് ചേരികളില്ല, സ്നേഹത്തിന് നിറങ്ങളും..
തിരിച്ച് വീട്ടിലേക്ക് പോകുന്ന മജീദ് അടുത്ത വളവിലേക്ക് തിരിയുകയാണ്.
ആത്മബന്ധങ്ങളുടെ ഇരുട്ടില്‍ ഒരു വൃദ്ധന്‍ അവിടെ ഇരിക്കുന്നു. അത് തന്റെ അച്ഛനാണ്. ഒരിക്കലും ആ അച്ഛനെ അറിയാത്ത മജീദ് അതേ പുഞ്ചിരികളിലേക്ക് ചേക്കേറുന്നു, നമ്മളൊക്കേയും ഇവരുടേയൊക്കെ ഹൃദയത്തില്‍ വളര്‍ന്ന്, വേദനിച്ച്, സന്തോഷിച്ച് നിലനിന്നുകൊണ്ടിരിക്കുകയാണ്.
ശരിക്കും അവിടെ സുഡുവോ, അച്ഛനോ, അമ്മമാരോ , മജീദോ ഇല്ല.
ഒരുകൂട്ടം മനുഷ്യര്‍.
വിശപ്പും , ദാഹവും കാഴ്ചയുമുള്ള ഒരുകൂട്ടം.
ഇത് കിച്ചംഗാനിയിലെ മുഴുവന്‍ കൂട്ടുകാര്‍ക്കും...
#SudaniFromNigeria

Comments

Popular posts from this blog

2016 wikipedia indian conference, chandikhand