നാളെ പുതുവര്‍ഷമാണ്.
രാത്രിയിലും, വര്‍ണ്ണങ്ങള്‍ ചാലിച്ച ആകാശത്തെ കാണാം.
ഉന്മാദം നിറഞ്ഞ മനസ്സുകളെ കാണാം.
ആ എണ്ണമറ്റ നിമിഷങ്ങള്‍ പൂത്തുലയുമ്പോള്‍ ഇന്ന് എന്റെ വീട്ടില്‍ ഒരു നിമിഷം ഇല്ലാതായി.
അത് വീട്ടിലൊരംഗമാണ്,
മൊത്തത്തില്‍ അവനൊരു ജീവിയും.
ലക്കി എന്നാണവന്റെ പേര്, വീട്ടിലെ കൊറ്റനാടാണവന്‍....
അവനെ ഇന്നാണ് അയ്യായിരത്തിഅഞ്ഞൂറ് രൂപയ്ക്ക് വിറ്റത്.
നാളെ പുതുവര്‍ഷം പിറക്കുന്നത്, മരിച്ചു വീഴുന്ന ധാരാളം ഹൃദയങ്ങളോടൊപ്പം ലക്കിയുടേയും ചോരകൊണ്ടാണ്.
ചോരകൊണ്ടുണര്‍ത്തിയ വര്‍ണ്ണങ്ങള്‍,ഹൃദയംകൊണ്ടുണക്കിയ മനസ്സുകള്‍ അതിന്റെ പങ്ക് തേടി വരും.
എന്നിട്ടാടിയുല്ലസിക്കും.....
അടുത്ത പുതുവര്‍ഷത്തിനായുള്ള മണിനാദം അതാ മുഴങ്ങിതുടങ്ങി.
അതുപോലെ ലക്കിയുടെ ജീവിതത്തിന്റെ അവസാന മണിനാദവും.
അവന്റെ ജീവന്, ജീവിതത്തിന് അയ്യായിരത്തി അ‍ഞ്ഞൂറുരൂപയാണ് വില.
മനുഷ്യന്‍ നിര്‍ണയിച്ച മൊത്തവില.
പക്ഷെ ആ ജിവന് കാലം കല്‍പ്പിച്ച വില ശൂന്യമായിരുന്നു.
ഉയര്‍ന്ന വിലയും, താഴ്ന്ന വിലയുമുള്ളതുകൊണ്ടല്ലേ വേര്‍തിരിവുകള്‍ വന്നത്.
അതുകൊണ്ടായിരിക്കാം.
എന്തായാലും ഇരുട്ടും ആഘോഷത്തിനെത്തി, ആ ഇരുട്ടിലാണ് ലക്കിയുടെ സ്വപ്നങ്ങളെ കുഴിച്ചുമൂടാന്‍ പോകുന്നത്.
അങ്ങനെ എല്ലാത്തിന്റേയും സ്വപ്നങ്ങള്‍ കുഴിച്ചിട്ടതുകൊണ്ടാവാം ഇരുട്ടിന് നിറം കറുപ്പായത്.
സ്വപ്നങ്ങളുടെ നിര്‍ജ്ജീവത നിറഞ്ഞ കയ്യാലകളാണ് ഇരുട്ട്.
അതില്‍ ലക്കിയുമുണ്ടാകും.....
അവന് ചാരനിറമാണുള്ളത്.
കുഞ്ഞന്‍ കൊമ്പുകള്‍ പക്ഷെ ഉണ്ട കണ്ണുകള്‍...
ആ കണ്ണുകള്‍ അവന്റെ ഇല്ലായ്മയെ വഹിക്കും....കൊമ്പുകള്‍ കാത്തിരിപ്പിന്റെ കൂര്‍മതയേയും.
അവനെ കൊല്ലാന്‍ കൊടുക്കുമ്പോ ദൈവങ്ങളെ കാണാനില്ല....
ദയയും, കരുണ്യവും, സ്നേഹവും നിറഞ്ഞ ആ ദൈവങ്ങളെ കാണാനില്ല.
അവരെവിടെപോയിട്ടുണ്ടാവും.....
അറിയില്ല.
ലക്കി ഇനി യാത്ര പറയുന്നത് ഈ ലോകത്തോടാണ്,
ജനിക്കാന്‍ പോകുന്നത് മറ്റൊരു ലോകത്തിലേക്കും.
അവിടെ അവന്‍ ജനിക്കുന്നത് മറ്റൊരു പുതുവര്‍ഷത്തിലും...
മരണവും, ജനനവും ഇഴചേര്‍ന്ന ഒരു കരിന്‍ തുണിയായിരിക്കും പുതുവര്‍ഷം....
നിറങ്ങള്‍ നിറഞ്ഞ പുതുവര്‍ഷം....
കത്തിതീരാനിരിക്കുന്ന തീപ്പെട്ടികൊള്ളികളുടെ നെഞ്ചിടിപ്പുപോലെ ദൂരേന്ന് മുഴക്കം കേള്‍ക്കുന്നുണ്ട്.
നൃത്തചുവടുകള്‍ അരങ്ങേറിയതിന്റെ സംഗീതമായിരിക്കും.
‍ആ സംഗീതം ലക്കിക്കിനിയുണ്ടാകില്ല.
അവനകലുകയാണെങ്കിലും ഒരു പുതുവര്‍ഷവും, ലക്കിക്കുമുള്ളതാണ്....
ലക്കിക്കും, എല്ലാവര്‍ക്കും എന്റെ പുതുവത്സരാശംസകള്‍......

Comments

Popular posts from this blog

2016 wikipedia indian conference, chandikhand