നിറയെ ചിത്രങ്ങളും, അക്ഷരങ്ങളും, അതിലേറെ നിറങ്ങളുമായിരുന്നു യുറീക്ക.
എന്നും വരാന്തകളുടെ കൈപിടിച്ച് ആ കടലാസ്സു കഷ്ണങ്ങള്‍ വീട്ടിനകത്തേക്ക് കേറിവരും.
വീട്ടില്‍ മൂന്ന് പത്രങ്ങളുണ്ടായിരുന്നു.
മൂന്ന് ദിനപത്രങ്ങള്‍.
രണ്ട് ഇംഗ്ലീഷും, ഒരു മലയാളവും.
അതെല്ലാം വായിക്കേണ്ടത് നിര്‍ബന്ധമായിരുന്നു.
അതൊക്കെ കഴിഞ്ഞ്, പിന്നൊരു മഴക്കാറ്, അത് യുറീക്കയുടേതായിരുന്നു.
കോരിചൊരിയുന്ന മഴപോലെ ഉള്ളിലോട്ട് പോകുന്ന ചിറകടികള്‍.
നിറങ്ങളുടെ, കമിഴ്ന്ന് വീഴുന്ന മഴചാറ്റലുകള്‍.
ആദ്യമൊക്കെ കുഞ്ഞന്‍ യുറീക്കയായിരുന്നു.
പക്ഷെ ഞാന്‍ വലുതാവും മുമ്പെ യുറീക്കയും വലുതായി.
എന്നോടൊപ്പം തന്നെ ജനിച്ച്, കാലത്തോടൊപ്പം ഒരുമിച്ച് കൈകോര്‍ക്കുന്ന സഹോദരനായിരുന്നു യുറീക്ക.
അന്ന് ഇടയ്ക്കൊക്കെ തോന്നാറുണ്ടായിരുന്നു.
യുറീക്കയുടെ അച്ഛനുമമ്മയും ആരാണെന്ന്.
അക്ഷരങ്ങളെ മറിച്ച് മറിച്ച് പോകുമ്പോള്‍ വരികള്‍ക്കിടയിലെ ചിത്രങ്ങളെ കാണാം.
മനസ്സിലെ യുറീക്കയാവാം അത്.
എന്നും മുടങ്ങാതെ തന്നെ അച്ഛന്‍ യുറീക്ക വാങ്ങി തന്നു.
പക്ഷെ സ്ക്കൂളില്‍ പറഞ്ഞത്, യുറീക്ക എല്‍.പി ക്കും, ശാസ്ത്രകേരളം ഹൈസ്ക്കൂളിനും, ശാസ്ത്രഗതി മറ്റാര്‍ക്കോ ആണെന്നായിരുന്നു.
യുറീക്കയെ വിട്ടുപോകാന്‍ പക്ഷെ മനസ്സുവന്നില്ല.
എന്നും യുറീക്കയായി തുടരാന്‍ ഓരോ കുട്ടികളേപോലെ ഞാനും.
അങ്ങനെ വായിച്ചും, നിറച്ചും, നിറഞ്ഞുമായി യുറീക്കക്ക് ഞാനും ഒരു കത്തയച്ചു.
നല്ല നീളന്‍ കത്ത്.
അപ്പുറത്തെ പേജില്‍ തന്നെ സമ്മാനത്തിന്റെ കൂടെ എന്റെ പേരും കൂടി അച്ചടിച്ചു.
യുറീക്കയുടെ സമ്മാനം കാത്തിരുന്നു.
പക്ഷെ വന്നില്ല.
എന്നാലും സാരമില്ലെന്ന് കരുതി, വീണ്ടും വരകളിലേക്കും, വരികളിലേക്കുമായി കണ്ണോടിച്ച്, മുറ്റത്തും, മേശയിലുമായി പാറി നടന്നു.
പിന്നീട് യുറീക്കയിലേക്ക് രചനകള്‍ അയച്ചു.
പക്ഷെ വന്നില്ല.
വീണ്ടുമയച്ചു.
അപ്പോഴും വന്നില്ല.
എന്നാലും വീണ്ടും അയച്ചു.
അങ്ങനെ വീണ്ടും, വീണ്ടും.
ഒരിക്കല്‍ വന്നു.
സചീന്ദ്രന്‍ കാറഡുക്ക മാമന്റെ നിറചിത്രത്തോടെ.
പിന്നീടും, കുറച്ച് കാലങ്ങള്‍ കടന്നു.
ഇപ്പോ യുറീക്ക വരുന്നില്ല.
യുറീക്കയുടെ വരിസംഖ്യ തീര്‍ന്നേ.....
യുറീക്കയില്‍ നിന്ന്തന്നെ തുടങ്ങി, യുറീക്കയിലൂടെ, ഓരോ കടലാസ്സുകളെന്നപോലെ യുറീക്കയുടെ ഓണ്‍ലൈന്‍ പതിപ്പിന്റെ ഉദ്ഘാടനത്തില്‍ ഞാനും ഒരു യുറീക്കയായി.
കുറേ നാളുകള്‍ക്കു ശേഷം കടലാസ്സിന്റേയും, അച്ചടിയുടേയും, മഷിയുടേയും, ചില മതിലുകളില്‍ നിന്നൊക്കെ,
കാലങ്ങള്‍ക്കും,
വാതായാനങ്ങള്‍ക്കുപ്പുറം കാത്തിരിക്കാന്‍ ഒരു ഇ-യുറീക്ക.
കാലത്തെ എത്രത്തോളം മാറ്റിമറിക്കാന്‍ ആ പുസ്തകത്തിന് കഴിവുണ്ടെന്ന് അറിയില്ലായിരുന്നു.
പക്ഷെ കാലത്തോടൊപ്പം നമ്മളും മാറുകയായിരുന്നു.
മാറ്റത്തിന്റെ അക്ഷരങ്ങളോടെ , നിറകുടകള്‍ ചാലിച്ച്, കുറേയധികം കുഞ്ഞു മനസ്സുകളുടെ പീലി വിടര്‍ത്തി,
അതാ ആ വളഞ്ഞുപോകുന്ന വഴിയിലൂടെ കുഞ്ഞന്‍ കൈകള്‍പിടിച്ച് എന്റെ യുറീക്ക..........
ഇവിടെ ക്ലിക്ക് ചെയ്ത് ഇ-യുറീക്കയിലേക്ക്........

Comments

Popular posts from this blog

2016 wikipedia indian conference, chandikhand