#മറ്റുള്ളവര്ക്കായുള്ളആത്മസംഗീതമോസ്വയംരാഗമോ......

അക്ഷരവും, അറിവും കൂടെ വന്നു ചേരുന്നതോ, ജനനത്തില്‍ എത്തിച്ചേരുന്നതോ എന്നറിയില്ല.
പക്ഷെ ബന്ധങ്ങള്‍ അത് വേരുപോലെ മണ്ണിനോട് ചേര്‍ന്ന്, രൂപപ്പെടുകയും, അതിലക്കുതന്നെ ചേരുന്നതുമാണ്.
ആഴത്തിലും, നീളത്തിലും താഴ്ന്നുപോകുന്ന വിശ്വാസങ്ങളാണത്.
ഇന്ന് ആ വേരില്‍ നിന്ന് ഒരറ്റം അടര്‍ന്നുപോയിരിക്കുകയാണ്.
ജീവിതയാഥാര്‍ത്ഥ്യങ്ങളോ, കാലമോ നീണ്ട വഴിത്താരകള്‍ മറ്റൊരു വേരുകളായി ,ഓരോന്നായി രൂപപ്പെടുമ്പോള്‍ അതിന്റേതായ കൊഴിഞ്ഞുപോക്കുകളുടെ പൊത്തുകള്‍ മണ്ണിട്ടു തൂര്‍ക്കാനോ, മുഴുമിപ്പിക്കാനോ കഴിയില്ല.
അതെന്നും ഒരു മുറിവായി, അല്ലെങ്കില്‍ ഒരു ബാക്കിവയ്പ്പായി ജീവിച്ചുകൊണ്ടിരിക്കും.
എന്നെ ഞാനാക്കിയ എന്നിലെന്നപോലെ കുറേ പേര്‍ എന്നുമുണ്ട്.
ഇടയ്ക്കോരോ മറവിലും, വീഴ്ചയിലും കണ്ടുമുട്ടുന്നവര്‍..
ചിലപ്പോള്‍ അടുത്ത സന്തോഷത്തിലും കൂടെയുണ്ടാകുന്നവര്‍.
തുടക്കം മുതല്‍ ഒടുക്കം വരേയും, തുടര്‍ച്ചകള്‍ നിര്‍മ്മിച്ചുകൊണ്ടിരിക്കുന്നവര്‍.
ഓരോ പാതകള്‍ പണിതുതീരുമ്പോഴും, ഓര്‍മകള്‍ നിറഞ്ഞ മണ്ണിട്ടപാതകളെന്നപോലെ ഒരു വലിയ തുടക്കത്തേയാണ് ഇന്ന് എനിക്ക് നഷ്ടമായത്.
എന്റെ സുനന്ദന്‍ മാഷ്.
എപ്പോഴോ ഒരിക്കല്‍ കറുത്ത കണ്ണാടിയുമായി ഒരുപാട് സ്നേഹത്തോടെ കണ്ടു മുട്ടിയ ഒരു തുടക്കം.
പിന്നീട് എല്ലാ വരമ്പുകളിലും പണിതുയരുന്ന വീടുകള്‍ മറയുമ്പോഴും, ആ തുടക്കം അവിടെതന്നെയുണ്ടായിരുന്നു.
മാഷിന് മക്കളില്ല.
അതുകൊണ്ടുതന്നെ എല്ലാ കുട്ടികളേയും, അദ്ദേഹം സ്നേഹിച്ചു.
താനെന്നോ, തന്റേതെന്നുമല്ലാതെ എല്ലാവരുടേയുമെന്നപോലെ എല്ലാം പങ്കുവച്ചു.
ഇന്ന് മാഷിന്റെ കാലവും പങ്കുവച്ചിരിക്കുകയാണ്.
ആര്‍ക്കോ തീറെഴുതി കൊടുത്തിരിക്കാം.
പലിശയും, മുതലും, തിരിച്ചടവൊന്നുമില്ലാത്ത ഒരു നിക്ഷേപം.
അതേ കാലത്തോട് മാഷ് തന്റെ സന്തോഷങ്ങളേയെല്ലാം സമര്‍പ്പിച്ചുണ്ടാകും.
മറ്റുള്ളവര്‍ക്കായുള്ള ഒരു ആത്മസംഗീതമോ,
സ്വയംരാഗമോ......
ഇനി അതേ ഓര്‍മകളും, പുതിയ സന്ധ്യകളും ഉണ്ടാവില്ലെന്നറിയാം.
പക്ഷെ ഇരുട്ടിന്റെ അന്തകാരത്തിലേക്ക് താളങ്ങളുമായെത്തി
മറ്റേതോ കാതുകളിലേക്ക് സംഗീതം നിറച്ച്,
എല്ലാ സ്വരങ്ങളിലും മാധുര്യം പകര്‍ന്ന്
മാഷ് വിടവാങ്ങുകയാണ്.
എന്തെന്നില്ലാതെ, ആ യാത്ര എങ്ങനെയാകുമെന്നറിയില്ല.
ദുഃഖങ്ങളെ ആ യാത്രയിലും അദ്ദേഹം സ്നേഹിക്കും.
വിട്ടുപോയ ഓര്‍മകളുടെ നിക്ഷേപങ്ങള്‍ തിരിച്ചെടുത്തുകൊണ്ട് എന്റെ മാഷിന്
ആദരാഞ്ജലികള്‍.
#മറ്റുള്ളവര്ക്കായുള്ളആത്മസംഗീതമോസ്വയംരാഗമോ......
( 2015-ൽ ബ്ലോഗ് മീറ്റിന് തുഞ്ചൻ പറമ്പിൽ പോയപ്പോൾ എടുത്ത ചിത്രം)

Comments

Popular posts from this blog

2016 wikipedia indian conference, chandikhand