നേടിയെടുക്കാനാകാതിരുന്ന സ്വപ്നങ്ങള്‍,
കുഴിച്ചിട്ട വിത്തുകള്‍ പോലെ പൊട്ടിമൊളച്ച് വന്‍ വൃക്ഷമാകാറുണ്ട്.
സമയ പരിധിയോ, കാലത്തിന്റെ മുള്‍വേലികളോ ഇല്ലാത്ത, ആ വൃക്ഷം പൂക്കും,
കായ്ക്കും,
പൊഴിയാനിരുന്ന ഇലകള്‍ കൊഴിയ്ക്കും,
പച്ചില നാമ്പുകള്‍ വീണ്ടും മുളക്കും, മറ്റൊരു ലോകം വീണ്ടും,
വിത്തിടും.
അവിടെ കാലത്തിന്റെ, ലംബമായ കറുത്ത വരവരച്ച്, സമയത്തിന്റെ തിരശ്ചീനമായ നീല വര കുറിക്കുമ്പോള്‍ ഓരോ ബിന്ദുവിനേയും, ഓരോ സെക്കന്റുകളാക്കി മാറ്റാം.
എന്റെ കാലത്തിന്റെ പൂജ്യം സെക്കന്റിലാണ് ഞാന്‍ ജനിച്ചത്.
അതിനുശേഷം പതിനഞ്ച് സെക്കന്റുകള്‍ കടന്നിരിക്കുന്നു,
ഈ പതിനഞ്ചാം സെക്കന്റില്‍ കണ്ട സ്വപ്നങ്ങള്‍ മഴക്കാലം പോലെ പെയ്തുതീര്‍ന്ന് ഉറവ പൊന്തിത്തുടങ്ങി.
ആ പതിനഞ്ചാം സെക്കന്റെന്ന മാമ്പഴത്തെ വീണ്ടും മുറിക്കുമ്പോള്‍ ആ സ്വപ്നങ്ങളെയൊക്കെ വീണ്ടും ശരിക്കും കാണാം.
ആ സെക്കന്റിന്റെ ഒന്നാം സെക്കന്റിലാണ് ഏറ്റവും ദൂരം കൂടിയുള്ള ആ യാത്ര പോയത്.
വിക്കിപീഡിയയുടെ ഇന്ത്യന്‍ കോണ്‍ഫറന്‍സിനായുള്ള 3000 കി.മീ താണ്ടിയ ചണ്ഡിഗണ്ട് യാത്ര.
അന്നായിരുന്നു സ്വപ്നങ്ങളെ ഏറ്റവും ഉയരത്തില്‍ നിന്ന് കണ്ടത്.
ആദ്യത്തെ വിമാന യാത്രയും അന്നായിരുന്നു, ആകാശം താണ്ടി, ഡെല്‍ഹിയുടെ മെട്രോയും കടന്ന്, മറ്റൊരു ഭാഷയിലേക്ക്.
ഒന്നാം സെക്കന്റ് മണിനാഥം മുഴക്കി കടന്നുകഴിഞ്ഞു,
ഇനി രണ്ടാമത്, പക്ഷെ ആ നേരം വേദനിപ്പിക്കുന്നതായിരുന്നു.
പത്ത് സെക്കന്റുകളോളം( വര്‍ഷങ്ങളെ സെക്കന്റുകളാക്കുമ്പോള്‍) ഒരുമിച്ച് പഠിച്ച കൂട്ടുകാര്‍ പിരിയുകയാണ്.
പത്തിന്റെ വലിയ പരീക്ഷ കഴിഞ്ഞ് കൂടെ കൊണ്ടു നടന്നിരുന്ന ഓര്‍മകളുടെ മിഠായി കടലാസ്സുകളെ വിട്ടുപോകുന്ന ആ നേരം.
പക്ഷെ കുറേ കൂട്ടുകാര്‍ ആ സെക്കന്റുകളോളം കൊഴിഞ്ഞുപോയിരുന്നു, അവരൊക്കൊ ബോര്‍ഡും ചോക്കും വിട്ട് ജോലികള്‍ തേടി പോയി.
മൂന്നാമത്, തുടങ്ങി കഴിയാറാകുമ്പോഴേക്കും എന്തൊക്കെയോ പഠിക്കാനായി..
അത് പച്ചയോ, കറുപ്പോ കലര്‍ന്ന ബോര്‍ഡില്‍ ചോക്ക് തീര്‍ത്ത വരയോ, കുറിയോ ആയിരുന്നില്ല.
കുറേ സെക്കന്റുകളായി ആഗ്രഹിച്ച വെബ്പേജ് നിര്‍മ്മാണം,
അത് പഠിപ്പിച്ചുതന്നത് ഐ.ഐ.ടി മദ്രാസായിരുന്നു.
അവരുടെ വെബ് പേജ് നിര്‍മ്മാണത്തെക്കുറിച്ചുള്ള ഒരു ഓണ്‍ലൈന്‍ കോഴ്സ്.
കോഴ്സ് തീര്‍ന്ന് അവരുടെ പരീക്ഷയും എഴുതി, അവിടെ മാര്‍ക്കിനെക്കുറിച്ച് ചിന്തിച്ചിരുന്നില്ല.
എഴുതി പാസായെന്ന വലിയ സന്തോഷം മാത്രം.
ഈ സെക്കന്റുകളുടെയുടനീളം ഞാനെന്നെതന്നെ കണ്ണാടി നോക്കി പ്രതിഫലിപ്പിച്ചുകൊണ്ടിരുന്നു.
കണ്ണാടി ഒന്ന് തിരിച്ച് ഇനി മറ്റുള്ളവയെക്കുറിച്ച് കൂടി പറയാം.
അവരുടെ സ്വപ്നങ്ങള്‍ എനിക്കറിയില്ല, അത് വായിക്കാനും കഴിഞ്ഞിട്ടില്ല.
പക്ഷെ നഷ്ടപ്പെട്ടതും, നേടിയെടുത്തതുമായ ആ അമാനുഷ്യതയെ( മനുഷ്യനില്ലാത്തവ) കാണാന്‍ കഴിഞ്ഞിട്ടുണ്ട്.
ആ നാലാമത്തെയും, അഞ്ചാമത്തേയും, സെക്കന്റ് വീട്ടിലെ മറ്റുകൂട്ടുകാരെ കുറിച്ചാണ്.
വീട്ടില്‍ കൂട് നിറച്ചും ആടുണ്ട്, ആ കൂടിനേക്കാള്‍ വലുപ്പത്തില്‍ അവരുടെ സ്വപ്നങ്ങളും.
ആയിഷുവും, പാണ്ടിയുമൊക്കെ തന്റെ സ്വപ്നങ്ങളെ ഇടക്ക് പകുക്കും, അവരുടെ തലമുറകളായി.
തുള്ളിച്ചാടിക്കളിക്കുന്ന വലിയ സ്വപ്നങ്ങളാണവ..
പക്ഷെ ഇടയ്ക്കൊക്കെ ആ സ്വപ്നങ്ങള്‍ പെട്ടെന്നുതന്നെ മറ്റൊരു ലോകം കീഴടക്കാറുണ്ട്.
അങ്ങനെ ഉണ്ടക്കണ്ണനായ വെള്ളയാടും, ചെവി നീണ്ട ചോലയാടും, കരുമിക്കോഴിയും, അമ്മുപശുവും,ഉമ്മുക്കൊലുസുടെ മക്കളും, ചാത്തനുമൊക്കെ അവരുടെ ഓര്‍മകള്‍ ബാക്കിവയ്ച്ച്,
ആകാശത്തോട് ചേര്‍ന്നിട്ടുണ്ട്.
ആ നേരങ്ങള്‍. അവരുടേതാണ്, മിണ്ടാട്ടമില്ലാതെ, വാതോരാതെ സംസാരിക്കുന്ന കുറേ കൂട്ടുകാരുടേത്....
അഞ്ച് സെക്കന്റ് കഴിയുമ്പോഴേക്കും, ആ പതിനഞ്ചാം സെക്കന്റെന്ന വര്‍ഷങ്ങള്‍ കഴിയാറായി.
ഇനി ആ കണ്ണാടി മുമ്പോട്ട് തിരിക്കാം.
ഭാവിയുടേത്,
ഇപ്പോള്‍ പതിനാറാം സെക്കന്റായിരിക്കാം. മുറിക്കാതെ പറയുമ്പോള്‍ 2017 പുതുവര്‍ഷം,12 മണി.
അതിനെ മുറിക്കേണ്ടതില്ല, ഭാവിയെ വളച്ചൊടിക്കുമ്പോള്‍ വര്‍ത്തമാനവും, ഭൂതവുമെല്ലാം ആ തിരിവിന്റെ ആകൃതിയില്‍ കറങ്ങില്ലേ.
ഈ കാലത്തില്‍ എണ്ണുന്നത്, എന്റെ ഒരു കൂട്ടുകാരിയുടെ സ്വപ്നങ്ങളെക്കുറിച്ചാണ്.
അവള്‍ ക്ലാസ്സില്‍ നന്നായി പഠിക്കും.
കുറച്ച് സംസാരിക്കും.
അവളുടെ വീട് അവളുടെ അമ്മയായിരുന്നു.
മഴചാറിയാല്‍ ചോരുന്ന വീട്, തൂണുപോലെ മോളെ മാറോടണച്ച് പടിച്ചു നിന്ന അമ്മ.
അവള്‍ക്ക് നല്ലൊരു വീടില്ല.
ഭാവിയുടെ ആ സെക്കന്റുകള്‍ തിട്ടപ്പെടുത്തുന്നത് കൂട്ടുകാരിക്കൊരു ഒരു വീടെന്ന സ്വപ്നമാണ്,
മഴചോരാത്ത, വെളിച്ചമുള്ള ഒരു കുഞ്ഞുവീട്.
സമയം,
അതിനെ എത്രത്തോളം മുറിക്കുമ്പോഴും, യാഥാര്‍ത്ഥ്യങ്ങളുടെ മൂര്‍ച്ച കൂടിവരുകയാണ്.
കാലത്തെ കൂടുതല്‍ വളക്കുന്തോറും, സത്യങ്ങള്‍ സത്യങ്ങളായിതന്നെ തുടരുന്നു.
ചെയ്തുതീര്‍ക്കാനുള്ളവ ഒരു ബിന്ദുവല്ല, ഒന്നില്‍ നിന്ന് മറ്റൊന്നിലേക്ക് ചാടാവുന്ന നേര്‍രേഖകള്‍.
വര്‍ത്തമാനം വളഞ്ഞം, പുളഞ്ഞും പോയിക്കൊണ്ടിരിക്കുന്ന കുത്തിക്കുറികളാണെങ്കില്‍,
ഭൂതം, ഒട്ടിച്ചുവച്ച, ഇലയുടെ ബാക്കിവയ്പ്പുകളാണ്.
എത്ര മായ്ച്ചാലും തെളിയുന്ന,
ഞരമ്പുകളുടെ ഓര്‍മകള്‍ താങ്ങുന്ന
കാലം....

Comments

Popular posts from this blog

2016 wikipedia indian conference, chandikhand