അഞ്ചിലും ആറിലുമൊക്കെ, ചെറിയ മീനുകളെപിടിച്ച് വിൽക്കാറുണ്ടായിരുന്ന കൂട്ടുകാര്‍ എനിക്കുണ്ടായിരുന്നു.
അന്ന് കേട്ട മീനുകളുടെ പേരൊക്കെ കുഞ്ഞൻ മീനുകളുടേതായിരുന്നു.
കുളത്തിലും,കനാലിലും നിന്നുമൊക്കെ തോര്‍ത്തുുവീശിയും,വലവീശിയും പുറത്തു ചാടുന്ന ഒരു വലിയ സൗഹൃദം.
ഇന്ന് അങ്ങനെയൊരു മീൻ വില്‍ക്കുന്ന കൂട്ടുകാരനെ കണ്ടു.
ആ കൂട്ടുകാരൻ ''ഗപ്പി'' എന്ന സിനിമയിലെ ''ഗപ്പി'' എന്ന ഒരു കഥാപാത്രമാണ്.
സിനിമ കാണുന്നതിനുടനീളം, ഗപ്പിയുടെ കൂടെ എന്നുമുണ്ടായിരുന്ന, ഒരു കൂട്ടുകാരനായോ, മറ്റൊരു കഥാപാത്രമായോ, കാണികളായ നമ്മളൊക്കെ ഉണ്ടാവും.
ജോണ്‍ പോൾ ജോര്‍ജ്ജ് എഴുതി സംവിധാനം നിര്‍വഹിച്ച ഒരു ഡ്രാമ സിനിമയാണ് ''ഗപ്പി'' എന്ന
''ഗപ്പിയുടെ'' സിനിമ.
ഗപ്പിയ്ക്ക് അച്ഛനില്ല.
അമ്മ അവശയാണ്. എന്നും അമ്മയെ, കളിപ്പിച്ചും
, പൗഡറിടിയിപ്പിച്ചും,
പൊട്ടു തൊട്ടിച്ചും,
ഭക്ഷണം വാരികൊടുത്തുമാണ് ഗപ്പിയുടെ ജീവിതം.
ഗപ്പിമീനുകളെ വിറ്റ കാശുകൊണ്ടാണ് ഗപ്പി ജീവിക്കുന്നത്.
നഗരത്ത് കൊതുകുശല്യം വര്‍ദ്ധിച്ചതുകൊണ്ട് ഗപ്പിക്കും ആവശ്യക്കാരേറെയായി.
വളരെ പാവപ്പെട്ടവരുടെ ഒരു കോളനിയിലാണ് കഥനടക്കുന്നത്.
അവിടത്തെ ഓരോ തീരവും, ഒരുപാട് കഥകളേന്തി കരക്കെത്തിക്കുന്ന വലിയ തിരമാലകളാണ്.
അങ്ങനെ പതിവുപോലെ തന്നെ പട്ടങ്ങൾ ആകാശത്തെത്തിയനേരത്ത്, എല്ലാവരും അവരവരുടേതായ പണികളിൽമുഴുകുന്ന നേരത്ത് പുതിയതായി കോളനിയിൽ വരുന്ന മേൽപ്പാലം പണിയാന്‍ ഒരു എഞ്ചിനീയറെത്തുന്നത്.
ടൊവീനോ തോമസാണ് ഈ കഥയിലെ എഞ്ചിനീയര്‍ സാര്‍.
എഞ്ചിനീയര്‍ സാറിനും , ഗപ്പിയ്ക്കും ഇടയിൽ അറിയാതെ സംഭവിക്കുന്ന ചെറിയ പ്രശ്നത്തിൽ നിന്ന് വില്ലനും, നായകനും പോലെയുള്ള ഏറ്റുമുട്ടലുകളാണ് കഥ.പക്ഷെ നായകന്റെ പക്ഷത്തിൽ നിന്നുള്ള കഥയല്ലിത്, വിവിധ ജീവിതങ്ങളിലൂടെ, വിവിധ കോണളവുകളിൽ തുന്നിചേര്‍ത്ത ഒരു സിനിമ. സിനിമ കണ്ടുകഴിഞ്ഞ്, ആരാണ് വില്ലൻ, ആരാണ് നായകന്‍ എന്ന ചിന്തിച്ചുനോക്കുമ്പോൾ, ഗപ്പിയോ, എഞ്ചിനീയറോ അല്ല വില്ലന്‍, നായകൻ എന്ന് മനസ്സിലാകും. അവരെല്ലാവരും, നമ്മളുടെ ഉള്‍പ്പെടുന്ന ഒരു സമൂഹം തന്നെയാണത്.
പക്ഷെ, എഞ്ചിനീയര്‍ സാറും, ഗപ്പിയും, രണ്ട് തലങ്ങളിലാണ് ജിവിക്കുന്നത്, പക്ഷെ ഒരേ മാനസിക നിലകള്‍ താങ്ങുന്നവരുമാണ്.
അവശയായി കിടക്കുന്ന തന്റെ അമ്മയ്ക്ക് ഒരു ഫുള്ളി ഓട്ടോമാറ്റിക് വീൽ ചെയര്‍ വാങ്ങുന്നതാണ് ഗപ്പിയുടെ സ്വപ്നം.
ഗപ്പിയുടെ സ്വപ്നത്തിലൂടെ, സ്ക്കൂൾ വളപ്പിൽ പഞ്ചായത്ത് നിർമ്മിച്ച ഓടയിലെ, സ്ക്കൂളിന്റെ ശബ്ദത്തിലേക്ക് കാതോര്‍ക്കുന്ന ഗപ്പികളിലൂടെ, ഏഴാം ക്ലാസ്സില്‍ പഠിക്കുന്ന ആമിന എന്ന നായികയിലൂടെ, കടലിന്റെ ഓളത്തിലൂടെ കഥ വില്ലനായും,നായകനായും, മാറി
മാറി വികസിക്കുന്നു.
എഞ്ചിനീയര്‍ സാറിനും ഗപ്പിയ്ക്കും ഇടയിലെ കലഹങ്ങൾ ഗപ്പിയുടെ ഗപ്പികൃഷിയെ ഇല്ലാതാക്കാൻ എഞ്ചിനീയറെ പ്രചോദിപ്പിച്ചു.
ഒരു വില്ലനായി എഞ്ചിനീയര്‍ അത് ചെയ്യുന്നു.
ഒലിച്ചു പോകുന്ന സ്വപ്നങ്ങൾ ഒന്നിനേയുംനോക്കാതെ അകന്നുപോകുന്നതുപോലെ കനാലുകളിലുടെ ഗപ്പിയുടെ ഗപ്പികൾ നഷ്ടപ്പെടുകയാണ്.
കഥയുടെ അവസാനം,എഞ്ചിനീയര്‍ ഗപ്പിയുടെ വാടക ഗുണ്ടയാൽ മുറിവേൽക്കപ്പെടുന്നു.
എഞ്ചീനീയര്‍ സാറിന് ഒരു മോളുണ്ട്.
അയാള്‍ എല്ലാ കുട്ടികളേയും, മാളു എന്ന വിളിച്ചു.
ആശുപത്രിയിൽ നിന്ന് ഡിസ്ചാര്‍ജ്ജായി താന്‍ കരിച്ചുതീര്‍ത്ത എല്ലാ പൂക്കളേയും, നട്ട് നനച്ച് , ഗപ്പിയുടെ ഗപ്പികളെന്ന സ്വപ്നങ്ങളെ തിരിച്ച്
നൽകി വലിയൊരു വഴിത്തിരിവോടെ മറ്റൊരു വലിയ യാത്രയ്ക്കായി മേല്‍പ്പാല നിര്‍മ്മാണം ഉപേക്ഷിച്ച് എഞ്ചിനീയര്‍ തിരിച്ചുപോകുന്നതിലൂടെ കഥഅവസാനിക്കുന്നു.
ചിലതൊക്കെ തിരിച്ചുകിട്ടുന്നതിലൂടെ, ഗപ്പിക്ക് അതിനേക്കാൾ വലിയ കടല്‍ നഷ്ടപ്പെടുന്നതാണ് കഥാന്ത്യം.
ഒരു വലിയ ദുഃഖവും, സന്തോഷവും തന്നുകൊണ്ട് വില്ലനായ എഞ്ചിനീയര്‍ സാര്‍ പുതിയൊരു കാഴ്ചപാടിലെ നായകനായി വീണ്ടും കാണികളുടെ മനസ്സുകളിൽ സിനിമ തുടരുകയാണ്.
വലിയ കടലുപോലെ കുറേ സ്വപ്നങ്ങളേന്തി, ചിലപ്പോൾ എല്ലാമുപേക്ഷിച്ച് തിരിച്ചുപോകുന്ന മറ്റുചിലപ്പോൾ ആഞ്ഞടിക്കുന്ന തിരകളായി ഗപ്പിയും, എഞ്ചിനീയര്‍ സാറും, അമ്മയുമെല്ലാം മനസ്സിലേക്ക് വീണ്ടും, വീണ്ടും തിരിച്ചടിക്കുകയാണ്.ഇത് ഗപ്പികളെ വിറ്റ് ജീവിക്കുന്ന ഗപ്പിയുടെ കഥയല്ല, ജീവിതത്തിൽ എന്തൊക്കെയോ ഉപേക്ഷിച്ച്, നഷ്ടപ്പെടുത്തി, പുതിയ മാനങ്ങൾ തേടുന്ന,സ്വപ്നങ്ങൾ കാണുന്ന കുറേ ഇരുട്ടിലെ ജീവിതങ്ങളുടെ കഥയാണ്.
വാലിട്ടടിച്ച് ചിറകടിച്ച് നീന്തി തുഴയുന്ന കുഞ്ഞൻ ഗപ്പികളുടെ കഥയാണ്.
ഇടയ്ക്ക് പൊന്തിയും താണും, പാറി നടക്കുന്ന നമ്മളെന്ന ഗപ്പികളുടെ ഒരു കടൽക്കഥ...........
#Guppy

Comments

Popular posts from this blog

2016 wikipedia indian conference, chandikhand