പരീക്ഷ പഠനത്തിനിടയ്ക്കാണ് ഒരു കുഞ്ഞു സിനിമ കണ്ടത്.
കൂടിന്റെ വാതിലൊക്കെ അടച്ച് കാക്കയമ്മയും കഥ കേള്‍ക്കാനായി വന്നു,
ആയിഷു ആട് വട്ടം കറങ്ങി, ഇലതിന്ന് അവിടെകിടന്നു.
ഉമ്മുകുലുസു തന്റെ പാദങ്ങള്‍ കിലുക്കി നാക്കു പുറത്തേക്കിട്ടു ചുരുണ്ടു കൂടി....
മാര്‍കോ ബേസാസ് എഴുതിയ കാര്‍ലോസ് ലസ്കാനോ അനിമേഷന്‍ ചെയ്യുകയും, വരക്കുകയും ചെയ്ത
''ലെജന്റ് ഓഫ് ദി സ്കെയര്‍ ക്രൗ'' എന്നാണ് ആ കുഞ്ഞു സിനിമയുടെ പേര്.
കഥതുടങ്ങുന്നത് ഇങ്ങനെയാണ്,
വിളഞ്ഞു നിൽക്കുന്ന നെൽപ്പാടങ്ങൾ.
കറങ്ങികൊണ്ടിരിക്കുന്ന കാറ്റാടിയന്ത്രങ്ങൾ.
അതിനിടയ്ക്കാണ് സ്കെയർ ക്രൗ എന്ന കാക്ക വിരട്ടിയെ കാണിക്കുന്നത്.
ആ കാക്കവിരട്ടിക്ക് കൂട്ടുകാരില്ല,
അവന് തന്റെ മുതലാളിയുടെ നെല്‍പ്പാടത്തിലാണ് ജോലി.
ആ ജോലി അത്ര ദുഷ്കരമൊന്നുമായിരുന്നില്ല.
എന്നാല്‍ അവിടത്തെ ശബ്ദം ഏകാന്തതയുടെ ചിറകടികള്‍ മാത്രമായിരുന്നു.
അവനോടാരും സാസാരിച്ചിരുന്നില്ല.
എന്നും വാനത്തിലൂടെ പറന്നകലുന്ന വയലറ്റ് നിറത്തിലുള്ള കാക്കകളോട് അവന്‍ യാത്ര പറയും.
പക്ഷെ അവരാരും അത് ശ്രദ്ധിക്കാറില്ല.
അങ്ങനെയൊരുനാള്‍ കാക്കവിരട്ടി മറ്റൊരു വഴി തേടി.
നിലത്ത് വീണുകിടക്കുന്ന കുറച്ച് ധാന്യകതിരുകള്‍ കൈയ്യിലെടുത്തു. പറന്നകലുന്ന കാക്കളിലേക്ക് നീട്ടി.
അപ്പോഴും ആരുമത് ശ്രദ്ധിച്ചില്ല.
അന്നും അവന്‍ ഒറ്റയ്ക്കായി....
പിന്നീടൊരിക്കല്‍ നിലാവുള്ള രാത്രിയില്‍ കാഴ്ചയില്ലാത്ത ഒരു കാക്ക താഴേക്കു വീണു.
മരണത്തിലേക്ക് പിടയുന്ന ആ കാക്കയുടെ കാലുകള്‍ക്ക് മുറിവു പറ്റിയിരുന്നു.
കാക്കവിരട്ടി ആ കാക്കയെ സംരക്ഷിക്കാമെന്ന് തീരുമാനിച്ചു.
പിന്നീട് കുറച്ചു ദിവസങ്ങള്‍ക്കുശേഷം, ആ കാക്കയുടെ കാലുകള്‍ വീണ്ടും പഴയപടിയായി.
ആ നേരം കാക്കവിരട്ടി തന്റെ കഥകളെല്ലാം പറഞ്ഞു.
എന്നിട്ട് ചോദിച്ചു.
എന്താ ആരും എന്നോട് കൂട്ടുകൂടാത്തത്...
കാക്ക മറുപടി പറഞ്ഞു...
കാക്കവിരട്ടികള്‍ നെല്‍കതിരുകള്‍ കൊത്തിക്കൊണ്ടുപോകുന്ന കാക്കകളെ കൊല്ലുന്ന ദുഷ്ടശക്തികളാണ്.
കാക്കവിരട്ടി ഞെട്ടി..
ഇല്ല ഞാനങ്ങനെ ചെയ്യില്ല....
ഞാന്‍ വെറുമൊരു കാക്ക വിരട്ടിയല്ലേ....
അതുംകേട്ട് ആ കാക്കയും അവനെ വിട്ട് പറന്നുപോയി....
ആ രാത്രിയിലും കാക്കവിരട്ടി ഒറ്റയ്ക്കായി..ഏകാന്തതയുടെ ചൂളം വിളി എവിടേനിന്നോ കേള്‍ക്കുന്നുണ്ടായിരുന്നു.
ആള്‍കൂട്ടങ്ങള്‍ക്കിടയില്‍ ഏകാന്തതയില്‍ നടക്കുന്ന, ഒറ്റപ്പെടുന്ന മനുഷ്യരെ കുറിച്ച് അച്ഛനമ്മാമാര്‍ പറഞ്ഞുകേട്ടിട്ടുണ്ട്.
അങ്ങനെയിരിക്കെ അവന്‍ ഒരു തീരുമാനമെടുത്തു...
തന്റെ മുതലാളിയോടടുത്തുതന്നെ ചോദിക്കാം, എന്താ എന്നോടാരും കൂട്ടുകൂടാത്തതെന്ന്.
അവന്‍ മുതലാളിയുടെ വാതില്‍ തുറന്നു.
അയാളെ ഉണര്‍ത്താനായി പോയി.
ജീവനോടെ സംസാരിക്കുന്ന കാക്കവിരട്ടിയെ കണ്ട് അയാള്‍ നിലവിളിച്ചു.
നാട്ടുകാരോടൊക്കെ ഇക്കാര്യം അയാള്‍ പറഞ്ഞു, ആ കാക്കവിരട്ടി നമ്മെ കൊല്ലാന്‍ വരുകയാണ്.
എല്ലാ നാട്ടുകാരും ചേര്‍ന്ന് ആ കാക്കവിരട്ടിയെ ഇല്ലാതാക്കാമെന്ന് തീരുമാനിച്ചു...
ആ രാത്രി കുന്തവും കൊടുവാളുമായി നാട്ടുകാര്‍ കാക്കവിരട്ടിയേ തേടിയെത്തി.
അതുകണ്ട് ഭയന്ന് അവനോടി....
ഓടിയോടി ഒരു കാറ്റാടിയന്ത്രത്തിന്റെയുള്ളിലേക്ക് കയറി.....
നാട്ടുകാര്‍ അതിനുചുറ്റും വളഞ്ഞു....
തീകൊണ്ട് എറിഞ്ഞു...
ആ കാറ്റാടിയന്ത്രം കത്തുവാന്‍ തുടങ്ങി.
കാക്കവിരട്ടി നിലവിളിച്ചുകൊണ്ടിരുന്നു. പക്ഷെ അത് കേള്‍ക്കേന്‍ ആരുമുണ്ടായിരുന്നില്ല.
കുറച്ച് കാക്കകള്‍ മാത്രം അവിടെ വട്ടമിട്ടു പറന്നു.
അതില്‍ ആ കാഴ്ചയില്ലാത്ത ആ കാക്കയുമുണ്ടായിരുന്നു.
ആ കാക്ക തന്റെ കൂട്ടുകാരോട് പറഞ്ഞു.
അവിടെ ഒരു കാക്കവിരട്ടിയെ മനുഷ്യരെല്ലാവരും ചേര്‍ന്ന് കൊല്ലുകയാണ്....
മറ്റുള്ളവയെ പോലെ അവന്‍ ദുഷ്ടനല്ല.
നല്ലവനായ ഒരു കാക്കവിരട്ടി.
അങ്ങനെ എല്ലാ കാക്കളും ചേര്‍ന്ന് ആ കാക്കവിരട്ടിയെ രക്ഷിക്കാമെന്ന് തീരുമാനിച്ചു.
പക്ഷെ സമയമേറെ വൈകിയിരുന്നു.
കാക്കവിരട്ടി തീയില്‍ കത്തി ചാമ്പലായി....
അടുത്ത പ്രഭാതം വരേയും, കാറ്റാടിയന്ത്രം തീയണയും വരേയും കാക്കകള്‍ അവിടെതന്നെയിരുന്നു.
ബാക്കിവന്നത് കാക്കവിരട്ടിയുടെ ചാമ്പല്‍(പൊടി) മാത്രമായിരുന്നു.
കാറ്റ് ആ ചാമ്പലിനെ പറത്തി ആകാശത്തിലേക്കെത്തിച്ചു....
മുകളിലോട്ട്, മുകളിലോട്ട്....മുകളിലോട്ട്.....
കാക്കവിരട്ടി കാറ്റിനോടൊപ്പം തന്റെ കാക്കകൂട്ടുകാരോടൊപ്പം പറന്നു,..പറന്നു...ഇല്ലാതായി.
തങ്ങളുടെ കാക്കവിരട്ടിയായ കൂട്ടുകാരന്റെ ഓര്‍മ്മയ്ക്കാണ് അന്നുമുതല്‍ വയലറ്റ് കാക്കകളെല്ലാം കറുത്ത തുണിയണിഞ്ഞത്. കറുത്ത കാക്കകളായത്........

Comments

Popular posts from this blog

2016 wikipedia indian conference, chandikhand