അർച്ചനയുടെ ഡയറി

#‎HELParchana‬
22/11/2015
പ്രിയപ്പെട്ട മാമാനമ്മായിമാര്‍ക്ക് അഭിജിത്ത് എഴുതുന്ന കത്ത്, ഞാന്‍ പഠിച്ചുവളര്‍ന്ന കുഞ്ഞു സ്ക്കൂളിലാണ് മൂന്നാം ക്ലാസ്സില്‍ പഠിക്കുന്ന അര്‍ച്ചന എന്ന കുഞ്ഞനിയത്തി പഠിക്കുന്നത്.അവളുടെ ജീവിതം സന്തോഷം നിറഞ്ഞതായിരുന്നു, പക്ഷെ ഒരു നാള്‍ ആ കുടുംബത്തിനേയൊക്കെ ഇരുട്ടിലാഴ്ത്തിക്കൊണ്ട് അര്‍ച്ചനയുടെ അച്ഛന്‍ വൈദ്യുത അപകടത്തില്‍ മരിക്കുകയുണ്ടായി... അവള്‍ കരഞ്ഞുകൊണ്ടേയിരുന്നു. പക്ഷെ ഒന്നും അവസാനിച്ചിരുന്നില്ല. അച്ഛന്റെ മരണത്തിനുശേഷം ഒരു താങ്ങായിരുന്ന അച്ഛമ്മയും കാന്‍സര്‍ ബാധിച്ച് അവരെ വിട്ടുപോയി.അപ്പോഴും അവള്‍ കരഞ്ഞു. പക്ഷെ കറുത്തിരുണ്ട മേഘപടലങ്ങള്‍ അവിടം വിട്ടുപോയില്ല. അവശേഷിച്ച ചെറിയച്ചന്‍ ആത്മഹത്യയും ചെയ്തു. ഇന്നാ കൂടുംബം ഒറ്റക്കാണ്. ഒരേട്ടനും, അര്‍ച്ചനയും, അഞ്ച് വയസ്സായ അനിയനും, അമ്മയും മാത്രം. ‍ഞാനും ഏട്ടനും, ഞങ്ങളുടെ കുഞ്ഞു സ്ക്കൂളില്‍ പഠിക്കുന്ന കാലത്ത് പനിയും തലവേദനയും വരുമ്പോള്‍ പുസ്തകകെട്ടുകളിഴഞ്ഞ ബാഗിനേയും, ഞങ്ങളേയും ഏന്തി വീട്ടിലെത്തിച്ചിരുന്നത് ആ ഏട്ടനായിരുന്നു. ഓര്‍മ്മകളുടെ ഇടയ്ക്ക് പൊഴിഞ്ഞുപോയ ആ ഏട്ടന്റെ മുഖം വ്യക്തമല്ല..... ആ ഏട്ടന്റെ അനിയത്തിയായ അര്‍ച്ചനയേയും തേടി ഇന്നാ കറുത്ത മേഘം വന്നിരിക്കുകയാണ്. കിഡ്നി തകരാറിലായി,അവള്‍ ഇരുപത് ദിവസങ്ങളായി തൃശ്ശൂര്‍ മുളങ്കുന്നത്ത് കാവ് മെഡിക്കല്‍ കോളേജിലാണ്. ആ ചിലവ് അവര്‍ക്കും താങ്ങാവുന്നതിലും അപ്പുറമായിരിക്കും. ഇവിടെ ഞങ്ങളുടെ നാട്ടിലും അര്‍ച്ചനയെ സഹായിക്കാന്‍ തുടങ്ങിയിരിക്കുകയാണ്. നാളെ ഞാന്‍ എന്റെ സ്ക്കൂളില്‍ ഇതവതരിപ്പിക്കും. അവിടേയും അര്‍ച്ചനയെ സഹായിക്കാനാളുണ്ടാവും.... എന്റെ വരച്ചെഴുതി കിട്ടിയ ഒരു പങ്ക് അര്‍ച്ചനയായി, ഞാനര്‍ച്ചനയ്ക്ക് സമര്‍പ്പിക്കും... ഈ കുഞ്ഞനിയത്തിയെ സഹായിക്കാന്‍ ആരെങ്കിലുമിവിടെയുണ്ടോ.... ഒരു കൈ സഹായം മാത്രം.... ജീവിതത്തില്‍ ഒരു കുന്നോളം സ്വപ്നങ്ങള്‍ പൂക്കാന്‍....
--------------------------------------------------------------------------------------------- 23/11/2015  ഇന്ന് അര്‍ച്ചനയുടെ സ്ക്കൂളുമായി സംസാരിച്ചു. ഒപ്പം പഞ്ചായത്ത് വൈസ് പ്രസിഡന്റ്,പി.ടി.എ പ്രസിഡന്റ്, എന്റെ സ്ക്കൂളിലെ പ്രധാന അധ്യാപകന്‍, എന്നിവരുമായും സംസാരിച്ചു. എന്റെ സ്ക്കൂള്‍ വേണ്ട സഹായം ചെയ്യാമെന്ന് പറഞ്ഞു. അവളുടെ അക്കൗണ്ടില്‍ സഹായനിധി സ്വരൂപിച്ചാല്‍ മതിയെന്നാണ് പൊതു അഭിപ്രായം. അര്‍ച്ചന പഠിക്കുന്ന പാടൂര്‍ എ.എല്‍.പി സ്ക്കൂളിലെ അവള്‍ക്കുള്ള അക്കൗണ്ട് നമ്പറാണിത്. പഞ്ചാബ് നാഷ്ണല്‍ ബാങ്ക് കാവശ്ശേരി ശാഖയിലാണ് അക്കൗണ്ട് (.PUNJAB NATIONAL BANK (PNB) Kavassery branch - Palakkad.) അക്കൗണ്ട്നമ്പര്‍ - 4292001500065884 IFSC code - PUNB0429200 സ്നേഹപൂര്‍വ്വം അഭിജിത്ത് കഴിയുമെങ്കില്‍ ഇതൊന്ന് ഷെയര്‍ ചെയ്യാമോ. --------------------------------------------------------------------------------------- 24/11/2015 #‎HELParchana‬ അര്‍ച്ചനയ്ക്കായുള്ള സഹായങ്ങള്‍ വന്നുതുടങ്ങി --------------------------------------------------------------------------------------- 25/11/2015 #‎HELParchana‬ ഇന്ന് സ്ക്കൂളിലെ പി.ടി.എ യോഗത്തില്‍ അര്‍ച്ചനയുടെ കാര്യം അവതരിപ്പിച്ചു. പി.ടി.എ ആവശ്യമായ സഹായം എടുക്കാമെന്ന് പറഞ്ഞു... നന്ദി.... --------------------------------------------------------------------------------------- 26/11/2015 അര്‍ച്ചന വീടെത്തി. ‪#‎HELParchana‬ --------------------------------------------------------------------------------------- 28/11/2015 ഇന്ന് അര്‍ച്ചനയുടെ വീട്ടിലേക്കു പോയി. അല്ല ബാങ്കുകാരുടെ വീട്ടിലേക്ക്.... അര്‍ച്ചന ആശുപത്രിയില്‍ നിന്ന് തിരിച്ച് വരുമ്പോഴേക്കും വീടിന്റെ തേക്കായ്ത്ത ചുമരില്‍ ആ വെളുത്ത പത്രം പതിപ്പിച്ചിരുന്നു...... ബാങ്കുകാര്‍ അതിനെ ജപ്തി നോട്ടീസ് എന്ന് വിളിച്ചു..... പണത്തിനായി, വീട് 50000 രൂപയ്ക്ക് വായ്പ വച്ചിരിക്കുകയാണ്. എന്നാല്‍ തിരികെ പണം അടയ്ക്കാന്‍ കഴിയാതെയായിരുന്നു വെള്ളപത്രവും വീടുതേടി വന്നത്.... സ്വന്തമെന്നുപറയാവുന്നവര്‍ വീട്ടിലില്ല.... ഇപ്പോള്‍ ജപ്തി നോട്ടീസ് എന്ന അധിതി വന്നെന്നുമാത്രം.... ഞങ്ങള്‍ വീട്ടിലേക്കെത്തുമ്പോള്‍ അര്‍ച്ചന മുന്‍പിലിരിപ്പുണ്ടായിരുന്നു.... അവളുടെ പാസ്ബുക്കും, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും വാങ്ങി.... കൈയ്യിലുള്ള കുഞ്ഞു സമ്പാദ്യം അവള്‍ക്കു നല്‍കി.... കുഞ്ഞു വീടാണെങ്കിലും, അര്‍ച്ചനയുടേയും, സഹോദരനായ അതുലിന്റേയും,അമ്മയുടേയും, അമ്മൂമ്മയുടേയും, ഒരു വലിയ സമ്മാനത്തോടെയാണ് തിരികെ പോന്നത്..... സ്നേഹത്തിന്റെ ചിരി എന്ന ആ സമ്മാനത്തിന് ഒരു കുന്നോളം വലുപ്പുമുണ്ടായിരുന്നു... പ്രപഞ്ചത്തേക്കാള്‍ പ്രായവും.... എന്താണ് നമുക്ക് ചെയ്യാന്‍ കഴിയുക...... കഴിയുമെങ്കില്‍ ഇതൊന്ന് ഷെയര്‍ ചെയ്യണേ...... ചിത്രം കടപ്പാട് ഏട്ടന്‍ ‪#‎HELParchana‬ --------------------------------------------------------------------------------------- 28/11/2015 ഓസ്റ്റ്രേലിയയില്‍ നിന്നാണ് പ്രിയ
Priya Pilla Praveen
ചിറ്റ വിളിച്ചത്.... ചിറ്റ ഇങ്ങനെ പറ‍ഞ്ഞു തുടങ്ങി ഞാന്‍ ജോസഫ് ആന്റണി മാമന്റെ സുഹൃത്താണ്....
Joseph Antony
 അവസാനം ഇങ്ങനെ പറഞ്ഞവസാനിപ്പിച്ചു.... എനിക്ക് രണ്ട് പെണ്‍മക്കളാണ്, ഇപ്പോഴിതാ മൂന്നാമൊതൊരാളും, അത് അര്‍ച്ചനയാണ് (.I have also two daughters.... So ippo archanayum koodi ente makalayi) വിശ്വ പ്രഭ
Viswa Prabha 
മാമന്‍ വിളിച്ചു. അര്‍ച്ചനയുടെ മെഡിക്കല്‍ റിപ്പോര്‍ട്ട് ഉടന്‍ തരൂ,.... ആവശ്യമായത് ചെയ്യാം...... ‪#‎HELParchana‬
അര്‍ച്ചനയുടെ ജപ്തിയുടെ പാസ്ബുക്ക്.. -------------------------------------------------------------------------------------------------------------------- ‪ #‎HELParchana‬ 29/11/2015 ഇന്ന് എന്നെ ജില്ല ബാല ശാസ്ത്ര കോണ്‍ഗ്രസ്സിലേക്ക് തിരഞ്ഞെെടുത്തു, അതിനിടയ്ക്കാണ് ശ്രീനി മാഷ് Sreeni Kunissery അര്‍ച്ചനയ്ക്കായി ഒരു കുഞ്ഞു സമ്മാനം തന്നത്. അത് അര്‍ച്ചനയ്ക്ക് നല്‍കിയപ്പോള്‍ അവള്‍ എനിക്കൊരു കത്ത് തന്നു. അത് ഇതാണ്. ഞാന്‍ എന്താണ് പറയേണ്ടത്. (അര്‍ച്ചനയ്ക്ക് എല്ലാത്തിലും A+ ആണേ...) ഇത് അര്‍ച്ചനയ്ക്കായ് -------------------------------------------------------------------------------------------------------------------- 30/11/2015 മതങ്ങളും, ദൈവങ്ങളും, മണ്ണിനേയും, മനസ്സിനേയും പങ്കുവെച്ചപ്പോഴും ദുഃഖങ്ങളെ പങ്കുവെയ്ക്കാന്‍ ആരുമുണ്ടായിരുന്നില്ല. ഘടികാരത്തേയും, കാലത്തേയും സൃഷ്ടിച്ചപ്പോഴും അവസാനത്തെ സമയം അളക്കാന്‍ മാത്രം ആളുണ്ടായി. വെളിച്ചത്തെ സൃഷ്ടിച്ചു, എന്നാല്‍ ആരും നല്‍കിയില്ല. ആ ചുമരുകളിലെ കലണ്ടറില്‍, കല്യാണദിനങ്ങളും, മറക്കാതിരിക്കാനുള്ള ദിനങ്ങളും ചുവന്ന അടയാളങ്ങളില്‍ വരച്ചിരുന്നില്ല, അന്ത്യ അത്താഴങ്ങളുടേയും, ആദ്യമായി കിണ്ണത്തില്‍ നിറഞ്ഞ ചോറിന്റേയും ഓര്‍മ ദിനങ്ങള്‍ മാത്രം. എല്ലാ ദീപങ്ങളും അണഞ്ഞപ്പോഴും, അവിടെ ഒരു വിളക്കുമാത്രം, ആ വിളക്കുമാടത്തിന്റെ ഓളത്തില്‍ ചാഞ്ചാടികൊണ്ടിരുന്നു, അത് അമ്മയാണ്... ഓരോ ചിറകടിയിലും തളര്‍ന്നുവീഴുമ്പോള്‍ പുന്തേന്‍ നല്‍കി താരാട്ടുപാടി, മറ്റുള്ളവരെ ഉണര്‍ത്തുന്നവള്‍. ഇനിയും ദൂരങ്ങളുണ്ട്, രോഗങ്ങള്‍ ഇരുട്ട് വീഴ്ത്തിയാലും, ഓരോ തെന്നലിലും, നിറങ്ങളുള്ള പൂക്കളിന്റെ തേന്‍ നുകരലിലും ആ വിളക്കുണ്ടാകും. കാലത്തെ ഓര്‍ക്കാതെ, വെളിച്ചം വിടര്‍ത്തി, ദുഃഖങ്ങള്‍ ഏറ്റുവാങ്ങിയ തത്തയെപോലെ അമ്മ എന്ന രണ്ടക്ഷരം...


------------------------------------------------------------

3 December at 15:06

ഇന്ന് അര്‍ച്ചനയുടെ പുഞ്ചിരി വീണ്ടും കണ്ടു.


കാരണം ഇന്ന്, അര്‍ച്ചനയുടെ വീടിനെ കൊണ്ടുപോകാനിരുന്ന
ബാങ്കില്‍
പണമടച്ചു, കടമടച്ചു, പലിശയുമടച്ചു.
കോടതിയില്‍ കെട്ടിവയ്ക്കാനുള്ള പൈസയുമടച്ചു.
അമ്മയും, ഞാനും, അര്‍ച്ചനയും, അര്‍ച്ചനയുടെ അമ്മയുമായി ഞങ്ങള്‍ ബാങ്കിലെത്തി.
പണമടക്കുകയും, ആധാരം തിരികെ വാങ്ങുകയും ചെയ്തു.
അര്‍ച്ചനയും, അര്‍ച്ചനയുടെ അമ്മയും ഒരുകുന്നോളം സന്തോഷവും തീറെഴുതി വാങ്ങി.....


ഒരിക്കല്‍ എന്റെ അച്ഛന്‍ കുട്ടിയായിരുന്നപ്പോഴും ഇതേ ബാങ്കില്‍ നിന്ന് ഒരു നൊട്ടീസ് വന്നു.
നൂറു രൂപക്ക് വീട് ജപ്തി ചെയ്യുമെന്നുള്ള നോട്ടീസ്.
അത് കൊണ്ടുവന്നത് വെള്ള മുണ്ടും, ഷര്‍ട്ടുമണിഞ്ഞ ഒരു കുടപിടിച്ച ഉയരം കൂടിയ ആളായിരുന്നു.
അയാള്‍ അച്ഛന്റെ പൊട്ടിപൊളിഞ്ഞ അടുക്കളയിന്മേല്‍ ഇരുന്നു, എന്നിട്ടു പറഞ്ഞു.
നിങ്ങളുടെ വീട് ജപ്തി ചെയ്യാന്‍ പോകുകയാണ്.
ഒരു ഇരുപത് രൂപ കെട്ടിവച്ചാല്‍ അത് നീട്ടിത്തരാം.
ആ സമയം എന്റെ അച്ഛാച്ചന്‍ മരിച്ച ദിനങ്ങളായിരുന്നു.
അച്ഛനും, അച്ഛമ്മയും പകച്ചുനിന്നു.അച്ഛന് അന്ന് 12 വയസ്സേയുള്ളൂ....
വീടിനടുത്തെ വലിയ മുതലാളിയായ ദേവസ്യ മുതലാളിയുടെ വീട്ടിലേക്ക് ഇരുപത് രൂപയ്ക്കായി പറഞ്ഞയച്ചു.
അയാള്‍ പറഞ്ഞു,
ഇരുപത് രൂപ തരാം, പക്ഷെ നീയതെങ്ങനെ തിരികെതരും.......
അപ്പോഴാണ് അവിടേക്ക് എന്നും വരാറുള്ള ചോപ്പത്തിയമ്മൂമ്മ ആ വഴി വന്നത്.
പട്ടിണികിടക്കുമ്പോള്‍ ഇവിടെനിന്നായിരുന്നു ചോപ്പത്തിയമ്മൂമ്മക്ക് ചോറുകിട്ടുക.
അമ്മൂമ്മ വീടുകളിലെ വസ്ത്രങ്ങള്‍ അലക്കിയാണ് ജീവിച്ചിരുന്നത്.
ഇക്കാര്യം അറിഞ്ഞ ചോപ്പത്തിയമ്മൂമ്മ താന്‍ അലക്കിയിരുന്ന വീടുകളില്ലെല്ലാം പോയി, ഒരു രൂപയും, അമ്പതു പൈസയും പിരിച്ചു നൂറു രൂപയും കൊണ്ടുപോയി ബാങ്കില്‍ അടച്ചു...
പിന്നെ അമ്മൂമ്മ അതടച്ച റസീറ്റുമായി തിരികെ ഇവിടെയെത്തി.
എന്നിട്ട് പറഞ്ഞു, ഈ പണം എനിക്ക് തിരികെതരേണ്ട,
എനിക്കും, എന്റെ മക്കള്‍ക്കും വിശക്കുമ്പോള്‍ ചോറ് തന്നതിന് പ്രത്യുപകരാമാണിത്.......

ആ അമ്മൂമ്മയുടെ മകനിന്ന് എഞ്ചിനീയറാണ്.
അച്ഛന്റെ കൂട്ടുകാരനാണ് ആ എഞ്ചിനീയര്‍.
അച്ഛനും ഇന്ന് സര്‍ക്കാര്‍ ജോലിയുണ്ട്.

അന്ന് ഞങ്ങളെ സഹായിക്കാന്‍ ചോപ്പത്തിയമ്മൂമ്മയുണ്ടായി.
ഇന്ന് ഞാന്‍ കേറിയതും ചോപ്പത്തിയമ്മൂമ്മ പണമടച്ച അതേ ബാങ്കില്‍ തന്നെ.
അര്‍ച്ചനയെ സഹായിച്ച എല്ലാവര്‍ക്കും ഒരുപാട്, ഒരുപാട്, നന്ദി.

ഫോട്ടോ കടപ്പാട് - അമ്മ
03/12/2015
പ്രിയപ്പെട്ട മാമനമ്മായിമാര്‍ക്ക്,
ഇന്ന് എന്നെകുറിച്ച് ഒരു ലേഖനം വന്നിട്ടുണ്ട്.
ഏഷ്യാനെറ്റിന്റെ ഓണ്‍ലൈനില്‍ എഴുതികൊണ്ടിരിക്കുന്ന റഷീദ് മാമനാണ് അതെഴുതിയത്.
മാമനും, എന്നെ ഞാനാക്കിയ എല്ലാ മാമനമ്മായിചിറ്റമാര്‍ക്കും നന്ദി.......https://shar.es/1cIVsd
Krishna Priya to Writes
------------------------------- 05/12/2015 കാവശ്ശേരിയിൽ നിന്ന് പാടം കടന്ന് കനാൽകരയിലൂടങ്ങനെ പോണം... പോകെപോകെ കാടും കാവും വള്ളിപ്പടർപ്പും വഴിയോട് ചേരും... തണുപ്പും തണലും കടന്നെത്തുത് അഭിയുടെ( Abijith Ka ) കൂട്ടിലേക്കാണ്... ഓടിക്കളിക്കാനൊരു മുറ്റം.. ഊഞ്ഞാലുകെട്ടാൻ പാകത്തിന് അവിടൊരു മാവ്... അഞ്ചിതളിൽ പൂത്ത് നിലം തൊടുന്ന ചെമ്പരത്തി... ചോട്ടിൽ ഉമ്മുക്കുൽസുവിൻറെ കൂട് .. (കൂട്ടുകൂടാൻ ഓടി വന്ന ഉമ്മുക്കുൽസുവിനെ കണ്ട് ഞാൻ പേടിച്ചത് വേറെ കാര്യം) അപ്പുറത്തൂടെ ആയിഷുവിൻറെ (ആട്) രണ്ട് കുട്ടികൾ തുള്ളിക്കളിച്ച് നടന്നു. അഭിയുടെ അമ്മ അകത്തേക്ക് വിളിച്ചു... അകത്ത് ആദ്യം കണ്ണിൽപെട്ടത് കുമ്മായച്ചുവരിലെ ചിത്രകല. അഭിയുടെ വരകൾ. ഒറ്റത്തട്ടായി മുറിയുടെ മച്ചിൽ തൊടും പോലെ അടുക്കിയ പലവക പുസ്തകങ്ങൾ... മുറിയുടെ വലത്തേയറ്റത്ത് അഭിയുടെ കമ്പ്യൂട്ടർ! അർച്ചനയെ പുറംലോകം അറിഞ്ഞത് ഈ കമ്പ്യൂട്ടറിലൂടെ അഭി ഫേസ്ബുക്കിൽ കുറിച്ചപ്പോഴാണ് എന്ന് വീണ്ടും ഓർത്തു... വാർത്ത ചെയ്യാനായി വീണ്ടും അഭിയെക്കൊണ്ട് അർച്ചനയെപ്പറ്റി കുറിപ്പ് എഴുതിപ്പിച്ചു.. അഭിയത് വായിച്ചു കേട്ടു... ഇടയ്ക്ക് അഭിയുടെ അമ്മയോട് അവനെപ്പറ്റി ചോദിച്ച് ഇരുന്നു.. അവൻറെ ഏട്ടൻ ഗൗതമിനെക്കുറിച്ചും. വാർത്തയ്ക്കാവശ്യമായതൊക്കെ പകർത്തി ഇറങ്ങും മുമ്പ് അഭി എഴുതുകയും ചിത്രം വരയ്ക്കുകയും ചെയ്ത 'പട്ടം' എന്ന പുസ്തകം ചോദിച്ചു വാങ്ങി.. ആ മുറ്റത്തിനപ്പുറം അഭിയുടെ പുതിയ വീടിൻറെ പണി നടക്കുന്നു.. ഞാനവനോട് ചോദിച്ചു " അഭീ പുത്തൻ വീടാകുമ്പോ പഴയ വീട് കളയില്ലേ.. അപ്പോൾ ആ ചുമരിലെ ചിത്രങ്ങളോ ? " "ഇല്ല കളയില്ല ; ഞാനീ വീട് ഒരു മ്യൂസിയമാക്കും" നാട്ടിലെ എൻറെ വീട്ടുമുറ്റവും പത്താം ക്ലാസ് വരെ ഞാൻ പഠനമുറിയും എഴുത്തുമുറിയും ആക്കിയ മുറ്റത്തെ കാലിയായ പശുത്തൊഴുത്തും... അവിടിരുന്ന് ഓർത്തുകൂട്ടിയ സ്വപ്നങ്ങളും... പശുക്കൂടിനെ ലൈബ്രറിയാക്കണമെന്ന ആഗ്രഹവുമൊക്കെ മനസിലെത്തി.. ഞാൻ വെറുതെ അഭിയെ നോക്കി.. അവൻ അർച്ചനയുടെ വീട്ടിലേക്കുള്ള വഴി പറഞ്ഞ് കാറിൻറെ ജനാലയിലൂടെ പുറത്തേക്ക് നോക്കി ഇരുന്നു... എൻറെ മനസ് നിറഞ്ഞിരുന്നു. അഭിയുടെയും അർച്ചനയുടെയും വാർത്ത ഇന്നുച്ചയ്ക്ക് ഏഷ്യാനെറ്റ് ന്യൂസിൽ പ്രക്ഷേപണം ചെയ്തിരുന്നു. ഇതാണ് ലിങ്ക് --------------------------------------------------------------------------------------------------------------------- 05/12/2015
ഇന്ന് അര്‍ച്ചനയെകുറിച്ച് ഏഷ്യാനെറ്റ് ന്യൂസില്‍ വന്ന വാര്‍ത്തയുടെ യൂ ട്യൂബ് ലിങ്കാണിത്. കാണണേ.......

---------------------------------------------------------------------------------------------------- 5/12/2015 രാജേഷ് മാമനും,Rajesh R Krishna
Sand Eep സന്ദീപ് മാമനും

 അര്‍ച്ചനയ്ക്കായി വളരെ വലിയ തുക തന്നു. ഓസ്റ്റ്രേലിയയില്‍ നിന്ന് വീണ്ടും ചിറ്റവിളിച്ചു.
Priya Pilla Praveen 
 എന്നിട്ടിങ്ങനെ പറഞ്ഞു. കുറച്ച് തുക കൂടി അയച്ചിട്ടുണ്ട് കൂടാതെ യു.കെ. യില്‍ നിന്നും എന്റെ സുഹൃത്തുക്കള്‍ അര്‍ച്ചനയെ സഹായിക്കാമെന്നുമേറ്റിട്ടുണ്ട്. സഹായങ്ങള്‍ എല്ലാ ഭാഗത്തുനിന്നും എത്തിക്കൊണ്ടിരിക്കുകയാണ്. അര്‍ച്ചന ഞങ്ങളുടെമാത്രം ഉണ്ണിയല്ല. ഈ ലോകത്തിന്റേതുകൂടിയാണ്. ജപ്തി ബാങ്കിലേക്ക് പോയപ്പോള്‍ അര്‍ച്ചന കുടിവെള്ളം വരുന്ന യന്ത്രത്തെനോക്കി ഇങ്ങനെ ചോദിച്ചു. ഇതെന്താ.... ഇതിലൂടെയാണോ വെള്ളം വരുന്നത് അതെങ്ങനെയാ വെള്ളം വരുന്നേ... ഇതിലൂടെയാണോ.. പിന്നീട് കുറച്ച് സമയത്തിനുശേഷം സെക്രട്ടറിയുടെ മുറിയിലേക്ക് ചൂണ്ടി ചോദിച്ചു, അതിലെന്താ.... അര്‍ച്ചനയുടെ അമ്മ പറഞ്ഞു, അത് സെക്രട്ടറിയാ.... അര്‍ച്ചന ചോദിച്ചു.. സെക്രട്ടറിയെന്നാലെന്താ.... ഇതാണ് അര്‍ച്ചന. ചോദ്യങ്ങള്‍ വിടരുന്ന ഒരു വലിയ പൂവ്,.,
------------------------------------------------------------------------------------------------------------------ 06/12/2015 ഇംഗ്ലീഷ് ഓണ്‍ലൈന്‍ പോര്‍ട്ടലായ The News Minute -ല്‍ അര്‍ച്ചനയെകുറിച്ചൊരു ലേഖനം വന്നിട്ടുണ്ട്. വായിക്കണേ. ഹരിത ജോണ്‍ ചേച്ചിയാണ് അതെഴുതിയത്.
http://www.thenewsminute.com/article/how-palakkad-teen-saved-life-his-school-mate-suffering-life-threatening-condition-36567
അർച്ചനയുടേയും വാർത്ത ദേശാഭിമാനിയിൽ പ്രസിദ്ധീകരിച്ചത്‌07/12/2015


10 December at 18:49
പ്രിയപ്പെട്ട മാമനമ്മായിചിറ്റമാര്‍ക്ക്,
ഇന്നലെയാണ് അര്‍ച്ചനയും, അര്‍ച്ചനയുടെ അമ്മയും കൂടി ആശുപ്തത്രിയിലേക്ക് പോയത്.
ഇന്ന് ഞാനും ഏട്ടനും കൂടി ഡോക്ടറെന്ത് പറഞ്ഞെന്ന് ചോദിക്കാന്‍ പോയി.
ഉണ്ണിക്ക് ബി.പി കൂടിയത്രേ...
പിന്നെ മുഖമെല്ലാം നീരുവന്നതുപോലെ വീര്‍ത്തിട്ടുമുണ്ട്.
അതിനുള്ള മരുന്നൊക്കെ തന്നിട്ടുണ്ടെന്നാണ് പറഞ്ഞത്.
ഇനി വീണ്ടും 22-ാം തിയതി ആശുപത്രിയിലേക്ക് പോകണം.
അതിനിടയ്ക്കാണ് ഏഷ്യാനെറ്റില്‍ വന്ന അര്‍ച്ചനയുടെ വാര്‍ത്തയുടെ വീഡിയോ ഞങ്ങള്‍ കാണിച്ചുകൊടുത്തത്.
കണ്ട് കഴിഞ്ഞ്, അര്‍ച്ചനയുടെ അമ്മമ്മ കരഞ്ഞുകൊണ്ട് എന്നെ കെട്ടിപിടിച്ചു.
ഒരു പൊന്നുമ്മയും തന്നു.
എന്നിട്ട് നല്ലതേ വരുള്ളൂ എന്ന് പറഞ്ഞു...
അര്‍ച്ചനയുടെ വിശേഷങ്ങള്‍ ഞാന്‍ വീട്ടില്‍പറഞ്ഞു.
അമ്മയും, അച്ഛനും വിഷാദരായി.
പരസ്പരം നോക്കാനാവാത്തവിധം അര്‍ച്ചനയുടെ സങ്കടാവസ്ഥയില്‍ അവരുടെ തലകള്‍ താണു.....
ഉരുണ്ടുകൂടിയ കണ്ണുനീര്‍ ആരും കാണാതെ തുടയ്ക്കുന്നുണ്ടായിരുന്നു


11 December at 19:43



ഇന്ന് അര്‍ച്ചനയെ കാണാന്‍ ആനന്ദേട്ടനും, ഭാവന ചേച്ചിയും , അങ്ങ് ബാംഗ്ലൂരില്‍ നിന്നെത്തി.
ബാംഗ്ലൂരിന്റെ കെട്ടിടങ്ങളില്‍ ആടിയുലഞ്ഞ കാറ്റുമായെത്തിയ കാറില്‍ ആദ്യം ഞങ്ങള്‍ പോയത് അര്‍ച്ചനയുടെ വീട്ടിലേക്കാണ്.
അവിടെ അര്‍ച്ചന പുത്തനുടുപ്പൊക്കെയിട്ട് അവരെ കാത്തിരിക്കുകയായിരുന്നു.
വീട്ടില്‍ കയറി, കുറേ സംസാരിച്ചു, വിശേഷങ്ങള്‍ ചോദിച്ചു....
അവസാനം ഒരു കുഞ്ഞു സമ്മാനം അര്‍ച്ചനയിലേക്ക് വച്ച് കൊടുത്തു.
തിരിച്ച് പോരുമ്പോള്‍, അര്‍ച്ചനയില്‍ നിന്ന് ഒരുപാട് പുഞ്ചിരി തിരികെ കിട്ടി.
ആ പുഞ്ചിരികള്‍ക്ക് നല്ല മധുരമുണ്ടായിരുന്നു.
ആ മധുരം നുണഞ്ഞ് ഞങ്ങളെല്ലാവരും എന്റെ വീട്ടിലേക്കെത്തി....
വീടിന്റെ വഴിയുടെ മേല്‍ക്കൂരയായി വിരിഞ്ഞ മരംതോപ്പുകള്‍ ഭാവന ചേച്ചിയുടെ നാടിന്റെ ഓര്‍മകളേയും ഒന്നു തഴുകിയത്രേ....
വീട്ടിലേക്ക് അവരെ വരവേറ്റത് രാധ, നീലിധ എന്നീ കുഞ്ഞനാട്ടിന്‍കുട്ടികളായിരുന്നു.
പിന്നെ വീടിന്റെ ഇടിഞ്ഞ ചുമരുകളും....
ആനന്ദേട്ടനും, ഭാവന ചേച്ചിയും എനിക്കും തന്നും ഒരു കുഞ്ഞു സമ്മാനം.
തിരിച്ച് എനിക്ക് കൊടുക്കാന്‍ എന്റെ പട്ടം എന്ന പുസ്തകം മാത്രമേ ഉണ്ടായിരുന്നുള്ളൂ...
അവര്‍ക്കും പറത്താന്‍ ഒരു പട്ടമായി.....
തിരികെ പോകാനിരിക്കും നേരം ആനന്ദേട്ടന്‍ ഒന്നു പറഞ്ഞു.
പത്ത് വര്‍ഷങ്ങളായി തന്റെ സഹപാഠികളെ താനൊന്ന് കണ്ടിട്ട്.
അവരൊക്കെ ഇന്ന് പല ഇടങ്ങളിലാണ്.രാജ്യങ്ങളിലാണ്.....Sand Eep Rajesh R Krishana
അതില്‍ രണ്ടോ മൂന്നോ പേര്‍ മാത്രമേ ഇന്ത്യയിലൂള്ളൂ.....
ഇന്ന് അര്‍ച്ചനയുടെ കാര്യത്തില്‍ ഞങ്ങള്‍ക്കെല്ലാവര്‍ക്കും വീണ്ടുമൊന്നു കൂടിചേരാന്‍ പറ്റിയിരിക്കുകയാണ്.
അവരുടെ ശബ്ദം കേള്‍ക്കാനായിരിക്കുകയാണ്.
ഒന്നും കൈകോര്‍ക്കാന്‍, ഉച്ചത്തില്‍ നിലവിളിക്കാന്‍.
മറ്റൊന്നുകൂടി പറഞ്ഞു.
ഇനിയും ഇത് തുടരുക.
എല്ലാവരേയും സഹായിക്കുക.
അതിനായി ഞങ്ങളെല്ലാവരും കൂടെയുണ്ട്.
ദൂരം അകലെയാണെങ്കിലും, ഒരു മണിനാഥം മതി, ഞങ്ങളോടിയെത്താം...............
ഭാവന ചേച്ചി, ഞങ്ങളുടെ ഭാവിയിലേക്ക് വലിയൊരു ആശംസയും നല്‍കി.....
വീണ്ടും വരാം....വീണ്ടും കാണാം എന്നുപറഞ്ഞു.
മതങ്ങളുടെ മതില്‍കെട്ടില്ലാത്ത ലോകത്തേക്ക്,....
മനുഷ്യരുടെ ലോകത്തേക്ക്.......


കുട്ടികൾക്കെന്താ ഇന്റർനെറ്റ് ഉപയോഗിച്ചാൽ? 
Sree Parvathy


പ്രിയപ്പെട്ട മാമനമ്മായി ചിറ്റമാര്ക്ക്,
ഇന്നത്തോടെ അര്‍ച്ചനയുടെ അക്കൗണ്ടില്‍ ഉണ്ണിക്കുട്ടന്‍ തന്ന പത്ത് രൂപയും അവസാനം വന്ന നൂറുരൂപയുമടക്കം 159419 രൂപയായി.
സഹായിച്ച എല്ലാവര്‍ക്കും നന്ദി.





Comments

Viswaprabha said…
പഞ്ഞിമിട്ടായി പോലെ, ഒരാഴ്ച്ച മാത്രം കാഴ്ച്ചയിലും ഓർമ്മയിലും തങ്ങിനിൽക്കുന്ന ഫേസ്‌ബുക്കിൽ പല പോസ്റ്റുകളിലായി എഴുതിവെച്ചതു് ഇവിടെ ഒരുമിച്ചു ചേർത്തെഴുതിയതു നന്നായി. :)
Unknown said…
ഏഷ്യാനെറ്റ്‌ ന്യൂസ്‌ ൽ വന്ന ഒരു വാർത്ത‍ ശ്രദ്ധിച്ചു അപ്പോൾ തന്നെ ഈ കൊച്ചു മിടുക്കന്റെ അക്കൗണ്ട്‌ തേടി പിടിച്ചു നന്നായിട്ടുണ്ട് മറ്റൊന്നും പറയാൻ ഇല്ല അസൂയ തോനുന്നു ഈ അനുജനോട്
Anu Mahid.S said…
വക്കുകൾ ഇല്ലാ... ഉള്ളിലെ ഈ സ്നേഹത്തിന്റെ തിരിനാളം അണയാതെ സൂക്ഷിക്കുകാ....

Popular posts from this blog

2016 wikipedia indian conference, chandikhand