ഇന്ന് വിക്കിപീഡിയ സംഗമോത്സവം കഴിഞ്ഞ് വീട്ടിലെത്തി.
കിടക്കാന്‍ നേരം കഴിഞ്ഞ രണ്ടുദിവസങ്ങളെ ഒന്നാലോചിച്ചു.
ഒരുപാട് അനുഭവങ്ങളുണ്ടായി.
അവയ്ക്ക് പട്ടത്തിന്റെ ഉയരത്തോളവും, നാരങ്ങാമുട്ടായിയുടെ മധുരത്തോളവും പുളിപ്പുണ്ടായിരുന്നു.
പതിനെട്ടിനുതന്നെ ഞങ്ങള്‍ കോഴിക്കോടെത്തി.
ജീവശാസ്ത്ര പരീക്ഷ കഴിഞ്ഞ് പരീക്ഷയില്‍ നിന്ന് കുറച്ച് ജീവനുമെടുത്ത് വേഗം നടന്നു.
ഞാനും ഏട്ടനും, പിന്നെ മനോജ് മാമനും കൂടിയായിരുന്നു യാത്ര.
മനോജ് മാമനോടൊപ്പം ഒറ്റപ്പാലം ട്രെയിനില്‍ നിന്ന് ഷൊര്‍ണൂരില്‍ ഇറങ്ങി, നേരെ കോഴിക്കോട്.
ആദ്യതന്നെ ആദര്‍ശ് മാമന്റെ വീട്ടിലേക്ക് പോയി.
അവിടെ എത്തുമ്പോഴേക്കും സമയം ഏറെ വൈകിയിരുന്നു.
എന്നാലും സമയത്തിനോടൊപ്പവും, സീമ അമ്മായിയോടൊപ്പവും, ആദര്‍ശ് മാമന്റോടൊപ്പവും കുറച്ച് സംസാരിച്ചു.
അതിനിടയ്ക്ക് രഞ്ജിത്ത് മാമനും വന്നു.
പിന്നെ ഞങ്ങളെല്ലാവരുമായി ചര്‍ച്ച.
പരീക്ഷയാവാം, വേഗമുറങ്ങി....
ആ ദിവസങ്ങള്‍ നിശബ്ദതയുടെ തോണിയില്‍ വേഗം കടവെത്തി.
രാവിലെ ആദ്യത്തെ മുഖം കണ്ടത് വിശ്വപ്രഭ മാമന്റേതായിരുന്നു.
നിറയെ മാമന്‍ പുഞ്ചിരിച്ചു.
ഞാനും.
പിന്നെ തിടുക്കത്തില്‍ കുളിച്ചൊരുങ്ങി, അവിടത്തെ വേഗതയുള്ള വലയില്‍ (നെറ്റില്‍) കുറച്ച് കളിച്ചു.
ഇനി വിക്കി സംഗമോത്സവത്തിലേക്കാണ്.
ഒരു ഓട്ടോറിക്ഷയും പിടിച്ച് ഞങ്ങളെല്ലാവരും അവിടെയെത്തി.
വിക്കി സംഗമോത്സവത്തിന്റെ ഐ.എച്ച്.ആര്‍.ഡി. കോളേജിലേക്ക്.
അവിടെ ഒരുക്കങ്ങളൊക്കെ പൂവിരിയിന്നേയുള്ളൂ.
വിക്കി മാമന്മാരും, ഏട്ടന്മാരൊക്കെ അവിടെയുണ്ട്.
അവരെയെല്ലാം കണ്ടു.
പിന്നെ എന്റെ ചിത്ര പ്രദര്‍ശനത്തിനായുള്ള മുറി കണ്ടെത്തി.
അവിടെ ഒരോ ചിത്രങ്ങളായി ഒട്ടിക്കാന്‍ തുടങ്ങി.
ഒട്ടിച്ചൊട്ടിച്ച് ചുമരിന്റെ ഹൃദയം നിറഞ്ഞു.
ചിത്രവും.
പരിപാടി മെല്ലെ മെല്ലെ തുടങ്ങി.
ഉദ്ഘാടനം എം.ടി യായിരുന്നു.
അദ്ദേഹത്തിന്റെ വാക്കുകള്‍ കൊണ്ട് ഉദ്ഘാടനത്തിന്റെ നാടമുറിച്ചു,
നാളേക്കുവേണ്ടി ഒരു മാവ് നട്ടു.
അതോടെ വിക്കിയുടെ പരിപാടി തുടങ്ങി, ആദ്യം തന്നെ എന്താണ് വിക്കിയെന്നും, അതിലെങ്ങനെ എഡിറ്റ് ചെയ്യാമെന്നും, വിക്കി മാമന്മാര്‍ പറഞ്ഞുതന്നു.
അതിനിടയ്ക്ക് എന്റെ ചിത്രപ്രദര്‍ശനം എന്നേക്കൊണ്ടും, രണ്ട് മാമന്മാരേക്കൊണ്ടും ഉദ്ഘാടനം ചെയ്യിപ്പിച്ചു.
ആദ്യമായിട്ടാണ് ഞാനങ്ങനെ നാട മുറിക്കുന്നത്.
കുറേ പേര്‍ ചിത്രങ്ങളെ കണ്ടു.
ചിത്രങ്ങള്‍ക്ക് ഒരുപാട് സന്തോഷമായി.
ആ സന്തോഷങ്ങള്‍ക്കിടയ്ക്കാണ് ഞാന്‍ കാണാനാഗ്രഹിച്ചിരുന്ന നെത ചേച്ചി എന്ന ഡോക്ടറേച്ചി വന്നത്.(എന്റെ സ്വന്തം അമ്മായി.)
ആദ്യമായാണ് ഞങ്ങള്‍ നേരിട്ട് കാണുന്നത്.
നെത ചേച്ചി ഇടയ്കക്ക് ഇഗ്ലീഷിലും സംസാരിച്ചു.
കുറേ ഫോട്ടോയെടുത്തു.....
അതിനിടയ്ക്കാണ് ജോസഫ് ആന്റണി മാമന്‍ വന്നത്.
മാമന്റെ കൈയ്യില്‍ അടുത്ത ആന്‍ഡ്രോയിഡിന്റെ പേരിനുള്ള വിഭവവുമുണ്ടായിരുന്നു.
നാരങ്ങാമുട്ടായി.
ആ മധുരം നുണഞ്ഞാണ് അടുത്ത നേരങ്ങള്‍ കടന്നുപോയത്.
അവിടത്തെ, ഐ.എച്ച്.ആര്‍.ഡി ഏട്ടന്മാരുടേയും, ചേച്ചിമാരുടേയും, വീട്ടില്‍ നിര്‍മ്മിച്ച കോഴിക്കോടന്‍ പ്രതേക വിഭവങ്ങളായിരുന്നു ഇന്റര്‍വെല്ലിന് ഞങ്ങളെ തേടിയിരുന്നത്.
എല്ലാമൊന്ന് രുചിച്ചുനോക്കി.
എല്ലാം പെട്ടെന്നുതന്നെ കഴി‍‍ഞ്ഞു.
അപ്പോഴാ മനസ്സിലായത്, ആരും മോശക്കാരല്ലാന്ന്....(ചിരി)
വീണ്ടും പരിപാടി തുടങ്ങി, വിക്കിയെ പരിചയപ്പെടുത്തല്‍.
അതിനിടയ്ക്ക് എന്റെ അനുഭവങ്ങളേയും കുറച്ച് സംസാരിക്കാന്‍ അവസരം കിട്ടി.
വലിയ ഡിജിറ്റല്‍ ക്യാമറയില്‍ കുറേ ചിത്രമെടുക്കാന്‍ കഴിഞ്ഞു.
പുതിയ കൂട്ടുകുകാരെകിട്ടി,കൂട്ടുകാരെ പുതുക്കാന്‍ കഴി‍ഞ്ഞു.
‍അതിനിടയ്ക്കാണ് ഒരു ഫോട്ടോ നടത്തത്തിനായി എല്ലാവരും നടക്കാനിറങ്ങിയത്.
അവിടെയാണ് വിക്കിസംഗമോത്സവത്തിന്റെ ഹൃദയം മനം നിറയെ ചിരിച്ചത്.
കടലിന്റെ സുഗന്ധം ‍ഞങ്ങളെ വരവേറ്റു.
കാറ്റ് ഒന്ന് തലോടി.
ആ തലോടലി‍ല്‍ ഉറങ്ങികൊണ്ട് നിറയെ പട്ടങ്ങള്‍, ഒടികളിക്കുന്ന കൂട്ടികൂട്ടങ്ങള്‍ പോലെ പാറികൊണ്ടിരുന്നു.
വിശ്വപ്രഭ മാമനും, ശിവന്‍ കോട്ടിയൂര്‍ മാമനും, ജബ്ബാരിന്‍ അച്ചാച്ചനും, ‍ഏട്ടനും, ഞാനും കൂടി ആ പട്ടങ്ങളിലൂടെ ഒന്നു പറന്നു.
പട്ടം ഉയരത്തിലെത്തി.
അന്ന് ഞാനും, ഏട്ടനും, അവധിക്കാലത്ത് പറത്തുിയ ഒരു പട്ടം പോലെ ഈ പട്ടവും, ഒരുപാട് ഉയരത്തിലെത്തി.
നൂല് കഴിഞ്ഞു, വീണ്ടും വാങ്ങി, നൂലുകള്‍ കോര്‍ത്ത് വലിയ പാലമുണ്ടാക്കി.
പട്ടം വീണ്ടുമയര്‍ന്നു.
അതതിന്റെ അന്ത്യലക്ഷ്യമെത്തിയപ്പോള്‍ ,
നമ്മെ ആരോ നിര്‍മ്മിച്ചയൊന്ന് തിരിച്ചെടുക്കംപോലെ ആ പട്ടത്തെ ഞങ്ങളും പിന്നിലേക്ക് വലിക്കാന്‍ തുടങ്ങി.(നമുക്ക് പിന്നില്‍ ഒരു നൂലുണ്ട്.)
താഴേക്ക്, താഴേക്കെത്തി.
പട്ടം ക്ഷീണിച്ചു,അവനെ കൈയ്യില്‍ മുറുക്കെ പിടിച്ചു.
അടുത്തത് കടലായിരുന്നു...
കടലിന്റെ തിരമാലകള്‍ കുറേ ഉപ്പ് തന്നു,
കുറേ മണലെടുത്തോണ്ടുപോയി.
എന്നിട്ടും, കടലിന്റെ നീളം കുറഞ്ഞതേയില്ല.
ശിവന്‍ കോട്ടിയൂര്‍ മാമന്‍ വേലിയേറ്റത്തേകുറിച്ചും, വേലിയിറക്കത്തേക്കുറിച്ചും സാസാരിച്ചു.
അപ്പോഴാ മനസ്സിലായത് കടല്‍ ജീവിതം തന്നെ.
കടലിനോടും, കാറ്റിനോടും യാത്ര പറഞ്ഞു....
തിരികെ ഐ.എച്ച്.ആര്‍.ഡി യിലെത്തി. എല്ലാ വിക്കി മാമന്മാരും ചേര്‍ന്ന് എന്തൊക്കെയോ ചര്‍ച്ചചെയ്യുന്നുണ്ടായിരുന്നു. എനിക്കൊന്നും മനസ്സിലായില്ല...
ആ നേരം ജോസഫ് ആന്റണി മാമന്റെ നാരങ്ങാ മുട്ടായി നുണ‍ഞ്ഞു,
അത് തീരും വരെ മറ്റുു മാമന്മാര്‍ക്കും അമ്മായിമാര്‍ക്കും കൊടുത്തു.
ആ ദിവസത്തിന്റെ ഇരുട്ടിലെ സമാപനമായി.
ചിക്കന്‍ ബിരിയാണിയും കഴിച്ചാണ് എല്ലാവരും മടങ്ങിയത്.
ഞാനും, ഏട്ടനും, രഞ്ജിത്ത് മാമനും, മനോജ് മാമനും നേരത്തേ പോലെ തന്നെ ആദര്‍ശ് മാമന്റേയും, സീമ അമ്മായിയുടേയും വീട്ടിലാണ് ഉറങ്ങിയത്.
ഇന്നും വേഗമുറങ്ങി.
അതിനും മുമ്പ് സീമ അമ്മായിയുടേ ഒരു സമ്മാനമായി അമ്മായിയുടെ ഒരു പുസ്തകം തന്നു.
Thoughts For Change We Can Do It എന്ന എ.പി.ജെ അബ്ദുള്‍ക്കലാമും, എ. ശിവദാണുപിള്ളയും, ഒരുമിച്ച് രചിച്ച പുസ്തകത്തിന്റെ അമ്മായിയുടെ മൊഴിമാറ്റമായിരുന്നു അത്.
അങ്ങനെ പുസ്തകം പ്രഭാതത്തെ വീണ്ടുമുണര്‍ത്തി.
ഇന്നാണ് അവസാനത്തെ ദിവസം.
വിക്കിയുടെ ഇനിയുള്ള പ്രവര്‍ത്തനങ്ങളെകുറിച്ചുള്ള ചര്‍ച്ചയായിരുന്നു അപ്പോഴത്തെ വിഷയം.
വിക്കിയുടെ രൂപഘടനയെകുറിച്ചും, അവിടത്തെ പോരായ്മകളെകുറിച്ചും വലിയ ചര്‍ച്ചകളുണ്ടായി.
അതിനിടയ്ക്കാണ് കോഴിക്കോടിന്റെ കളക്ടര്‍ മാമന്‍ എത്തിയത്.
മാമന്‍ കുറച്ച് സംസാരിച്ചു.
അദ്ദേഹം തന്നെയാണ് വിക്കിയുടെ കേക്ക് മുറിച്ചതും.
അതിന്റെ ആദ്യത്തെ കഷ്ണം എനിക്കായിരുന്നു.
അതും കോഴിക്കോടിന്റെ കളക്ടറില്‍ നിന്ന്.
കേക്ക് മുറിച്ചു കഴിഞ്ഞ്,
പരിപാടി സമാപനത്തിലേക്കെത്തി.
ഞാനെന്റെ ചിത്രങ്ങളേയൊക്കെ വീണ്ടും സഞ്ചിയിലേക്കെത്തിച്ചു.
എല്ലാവരോടും യാത്ര പറഞ്ഞു.
കോഴിക്കോടിനോടും.
അങ്ങനെ രണ്ടു ദിവസങ്ങള്‍ വിക്കിയെ വീണ്ടുമൊന്ന് പരിചയപ്പെടാനായി.
കോഴിക്കോടിന്റെ കടലിനെ ,കാറ്റിനെ, ആകാശത്തെ കാണാനായി.
കോഴിക്കോട്ടില്‍ പറന്ന പട്ടത്തേ ഞാന്‍ പാലക്കാട്ടേക്ക് കൊണ്ടുപോകുകയാണ്.
ഇനി അവന്‍ പാലക്കാട്ടിലും കുറച്ച് പറക്കട്ടെ,
എവിടേയായാലും, ആകാശത്തിന്റെ ഹൃദയത്തില്‍ ഒന്ന് പുഞ്ചിരിക്കട്ടെ.

Comments

Popular posts from this blog

2016 wikipedia indian conference, chandikhand