സ്വന്തം ദുഃഖത്തിന്മേല്‍ ഇങ്ങനെ അടയിരിക്കാതെ ഈ ലോകത്തോട് എല്ലാ തുറന്നു പറഞ്ഞിരുന്നെങ്കില്‍.
നക്ഷത്രങ്ങള്‍ അവയുടെ കണ്ണുകള്‍ ചിമ്മി, ചിമ്മി നിര്‍മ്മിച്ച വെളിച്ചത്തില്‍ താരാട്ടുപാടിയ രാത്രിയോട് ഡാവിഞ്ചി പറഞ്ഞു.
അയാളുടെ ബ്രഷുകള്‍ തീര്‍ത്ത കടലാസ്സിന്റെ പുത്തനുടുപ്പെന്ന ചിത്രങ്ങള്‍ വിള്ളലുകള്‍ വീണ മുറിയുടെ ഇരുണ്ട മൂലക്ക് കിടപ്പുണ്ട്.
ആ ചിത്രങ്ങളെന്നും ഡാവിഞ്ചിയോട് സംസാരിക്കും.
അത് അയാളുടെ ലോകത്തെക്കുറിച്ചാണ്,
അയാള്‍ നിലനില്‍ക്കുന്ന ലോകത്തെക്കുറിച്ചും.
ഡാവിഞ്ചിക്ക് ദുഃഖത്തിന്റെ നിറമണിഞ്ഞ ചിത്രങ്ങളെ വരക്കാന്‍ യുദ്ധക്കളത്തിലേക്കോ, പട്ടിണിയിലേക്കോ, ദാരിദ്രത്തിലേക്കോ തന്റെ വിളര്‍ത്ത ചിറകുകള്‍വച്ച് പറക്കേണ്ടതില്ല.
കാരണം ആധൂനികലോകവുമായി ‍ഡാവിഞ്ചിയെന്നും യുദ്ധം ചെയ്തുകൊണ്ടിരിക്കുകയാണ്.
ആയാളെന്നും പട്ടിണിയുടെ വഴി വക്കില്‍ വലിച്ചെറിഞ്ഞ റൊട്ടി തിന്നും,
ദാരിദ്ര്യത്തിന്റെ , കീറിപറിഞ്ഞ കീശയുമായി ലോകത്താല്‍ തിന്നപ്പെട്ടും ജീവിക്കാതെ ജീവിക്കുകയാണ്. പിടിച്ചുപറിച്ചോ, ഭിക്ഷയെടുത്തോ ഡാവിഞ്ചി എങ്ങനെയെങ്കിലും താന്‍ വരക്കാനിരുന്ന ചിത്രങ്ങള്‍ക്കായുള്ള നിറചായക്കൂട്ടുകള്‍ കണ്ടെത്തും
.അതുതന്നെയാണയാളുടെ ലോകം. ആ ലോകത്താണ് അയാള്‍ ജീവിക്കുന്നതും പക്ഷെ അയാളുടെ ചിത്രങ്ങള്‍ അയാളോട് സംസാരിക്കാറ് താന്‍ അടയിരിക്കുന്ന ദുഃഖങ്ങളെന്ന അയാളെക്കുറിച്ചും,നൂറ്റാണ്ടുകള്‍ വളര്‍ന്ന് പ്രകൃതി കരിഞ്ഞുണങ്ങിയ അയാള്‍ ജീവിക്കുന്ന ലോകത്തെക്കുറിച്ചുമാണ്.
ഇരുണ്ട നിറങ്ങള്‍ ഡാവിഞ്ചിയുടെ കൂട്ടുകാര്‍.
കടുത്ത നിറങ്ങള്‍ സഹോദരന്മാരും.
എന്നാല്‍ ഡാവിഞ്ചിക്ക് ലോകത്തിലെ നിറം ഇല്ലായ്മ മാത്രമാണ്.
ആ കീറി പറിഞ്ഞ കീശയെന്നപോലെ മുറിയുടെ വാതില്‍ മറ്റാര്‍ക്കായും തുറന്നിട്ടിട്ടില്ല.
ആരും അത് തുറക്കാറുമില്ല.
പക്ഷെ ഒരിക്കല്‍ ആ വാതില്‍ക്കലും ഒരാള്‍ വന്നുമുട്ടി.
അത് ആ മുറിയുടെ യജമാനനായിരുന്നു.
അയാള്‍ ഡാവിഞ്ചിയിലെ രൂക്ഷമായൊന്ന് നോക്കി.
ഡാവിഞ്ചി അപ്പോഴേക്കും തന്റെ സാധനങ്ങളൊക്കെ കൈയ്യിലെടുത്തു.പക്ഷെ എടുക്കാനയാള്‍ക്ക് വാറാമാലകള്‍ പൊതിഞ്ഞ നിറക്കൂട്ടുകളും ബ്രഷുകളും മാത്രമേ ഉണ്ടായിരുന്നുള്ളൂ.യജമാനന്‍ ആ മുറിയില്‍ കുടിയിരുന്നതിന്റെ ബില്ല് താഴെ വച്ചു.
ഡാവിഞ്ചിയുടെ കൈയ്യില്‍ ആ ബില്ലിന്റെ വില നികത്താന്‍ ഒന്നുമുണ്ടായിരുന്നില്ല.
തനിക്ക് വിലപ്പെട്ടതായ ചിത്രങ്ങളൊഴിച്ച്.
ആ ചിത്രങ്ങള്‍ ഡാവിഞ്ചി യജമാനനിലേക്ക് നീട്ടി.
യജമാനന്‍ ചോദിച്ചു.
ഇതെന്താ....
ഇത് എന്റെ കൈയ്യിലുള്ളതില്‍വച്ച് ഏറ്റവും വിലപ്പെട്ടതാണ്..
ഇത് താങ്കള്‍ വാങ്ങിക്കൊള്ളൂ..
യജമാനന്‍ ആ ചിത്രങ്ങളൊക്കെ എടുത്ത് പുറത്തേക്കെറിഞ്ഞു, ഒപ്പം ഡാവിഞ്ചിയേയും.
പല്ലിറുമികൊണ്ട് യജമാനന്‍ മറ്റെങ്ങോ നടന്നു.
ഇപ്പോള്‍ അയാള്‍ തെരുവിലാണ്.
ഒരിക്കല്‍ വാടകയ്ക്കൊരു വീടുണ്ടെങ്കിലും തന്റെ ഉറക്കമൊക്കെ തെരുവില്‍ തന്നെയായിരുന്നു.
ഡാവിഞ്ചിക്ക് തെരുവിന്റെ ഹൃദയമറിയാം.
അയാള്‍ അങ്ങോട്ടാണ് നടന്നുനീങ്ങിയത്.
തെരുവ് അയാള്‍ക്കായി അണഞ്ഞ പ്രകാശത്തെ ഉണര്‍ത്തി,
ആ ഹൃദയം ഡാവിഞ്ചിക്കായി കാത്തിരിക്കുകയാണ്.
അമ്പിളിമാമനിലൂടെ വവ്വാലുകള്‍ ചന്നം പിന്നം പറന്നു.
തീരാനിരിക്കുന്ന തന്റെ ജീവന്‍ ഡാവിഞ്ചി ആ ഹൃദയത്തിന് നല്‍കി.
അത് തന്റെ ചിത്രങ്ങള്‍ തന്നെയായിരുന്നു.
അടുത്തുവന്നൊരു തെന്നല്‍ക്കാറ്റ് ഹൃദയം സ്വീകരിച്ച ചിത്രങ്ങളേയും വിട്ട് ഡാവിഞ്ചിയെ എങ്ങോട്ടോ കൊണ്ടുപോയി.
അറിയില്ല എന്നാലും ദൂരേക്ക്....
ലോകത്തോട് ഡാവിഞ്ചിക്ക് ഒന്നും പറയാനില്ലായിരുന്നു.
അവയെല്ലാം ആ ചിത്രങ്ങള്‍ പറഞ്ഞുകഴിഞ്ഞെന്ന് ‍ഡാവിഞ്ചി എന്നേ മനസ്സിലാക്കിയിരിക്കാം.
തെരുവിന്റെ ഹൃദയം ഡാവിഞ്ചിയുടെ ചിത്രങ്ങളെ പക്ഷികളായി വിടര്‍ത്തി.നക്ഷത്രങ്ങളായി വാനത്തിലേക്ക് പറത്തിവിട്ടു.
അയാളിനി അതിലൂടെ ജീവിക്കും,കാലം മറക്കാത്തവണ്ണം ഡാവിഞ്ചി എന്ന അയാളുടെ ചിത്രങ്ങള്‍ തിളങ്ങിക്കൊണ്ടിരിക്കും.
അകന്നുപോയ ഡാവിഞ്ചിയെയോര്‍ത്ത് മിന്നുന്ന താരങ്ങളിലൊന്ന് ആ ആകാശത്തോട് ചോദിച്ചു. 
ആ പുത്തനുടുപ്പുകളായ ചിത്രങ്ങളെന്ന ദുഃഖത്തിന്മേല്‍ ഇങ്ങനെ അടയിരിക്കാതെ ഈ ലോകത്തോട് എല്ലാം പറഞ്ഞിരുന്നെങ്കില്‍.
ഇല്ല കാലം മായ്ക്കാത്തവയെ മനുഷ്യരും മറക്കില്ല.
എന്നാലും അടയിരുന്ന് വിരിഞ്ഞ ദുഃഖത്തിന്റെ മുട്ടകള്‍ സന്തോഷങ്ങളായിരുന്നെങ്കില്‍?...
‪#‎ഇന്നൊരുകഥയെഴുത്തിന്പോയി‬.

Comments

Popular posts from this blog

2016 wikipedia indian conference, chandikhand