‪#‎ജീവിതം‬ ‪#‎വര‬ ‪#‎ഓര്‬‍മ്മ
ഡിസംബറിന്റെ തണുപ്പിന്റെ മറവില്‍ ഇന്ന് രണ്ട് പേര്‍ വീട്ടിലേക്കെത്തി.
എന്റെചേച്ചിയും അമ്മമ്മയുമായിരുന്നു അത്.
വലിയമ്മയുടെ മകളാണ് ചേച്ചി.
ചേച്ചിയെന്ന് പറയാനാവില്ല.
അന്നൊക്കെ സ്ക്കൂളിലേക്ക് എന്നേയും ഏട്ടനേയും രണ്ട് കൈകളിലായി മുറക്കെപിടിച്ച് ഞങ്ങളുടെ
ഭാണ്ടക്കെട്ടുകള്‍ ചുമന്ന അമ്മ തന്നെ.
ചേച്ചി ഇന്ന് ഡിഗ്രിക്കാണ് പഠിക്കുന്നത്.
അതിനിടയില്‍ ജീവതത്തില്‍ മറക്കാനാവാത്ത എത്രയോ സംഭവങ്ങള്‍ ചേച്ചിക്കുണ്ടായിട്ടുണ്ട്.
എന്നാല്‍ അതൊക്കെ കൂടിചേരുന്നത് അച്ഛനെന്ന ഒരു ബിന്ദുവിലാണ്.
ചേച്ചീടച്ഛന്‍ എന്നും കള്ളുകുടിച്ച് വീട്ടില്‍ വഴക്കാണ്.
അതുകൊണ്ട് ചേച്ചീടമ്മ എന്റെ വല്ല്യേമ്മ ചേച്ചിയെ ഏഴ് മാസം ഗര്‍ഭിണിയായിരുന്നപ്പോള്‍ ഭര്‍ത്തൃഗ്ഹത്തില്‍നിന്ന് സ്വന്തം വീട്ടിലേക്ക് വന്നത്.
കൂടെ ചേച്ചീടെ ഏട്ടനുമുണ്ടായിരുന്നു.
പേര് ഷിബു.
പിന്നെ എല്ലാ രാത്രികളിലും ചേച്ചീടച്ഛന്‍ കള്ളുംകുടിച്ച് വന്ന് വഴക്കിടുമായിരുന്നു.
അന്നൊക്കെ അമ്മമ്മ അയാളെ ചീത്തപറഞ്ഞ് പറഞ്ഞുവിടലാണ് പതിവ്.
ഞാന്‍ കുറച്ച് വലുതായിട്ടായിരുന്നു ചേച്ചീടെ അച്ഛനെകുറിച്ച് ഒര്‍ക്കുകയും കാണുകയും ചെയ്തത്.
അന്നെന്നോ സ്ക്കൂളുവിട്ട് അമ്മമ്മയുടെ വീട്ടില്‍ എന്റച്ഛന്‍ വരുന്നവരെ ഇരിക്കുന്ന സമയത്ത് ഒരു ദിവസം അവിടെ തങ്ങാമെന്ന് വിചാരിച്ച നേരം,
അത് രാത്രിയായിരുന്നു.
ഇരുട്ടത്തൊരു അപരിചിതന്‍ വന്നു.
വന്നതും പടി ചവിട്ടാനനുവതിക്കാതെ അമ്മമ്മ കുറേ ചീത്തപറയുന്നുണ്ടായിരുന്നു.
അപ്പോ ചേച്ചി ഒരു മൂലയില്‍ ഒന്നെത്തിനൊക്കാതെ ഇരിക്കുന്നുണ്ടായിരുന്നു.
ഷിബു ഏട്ടനും അങ്ങനെ തന്നെ.
എന്നാലും അതൊക്കെ ഏട്ടന്‍ മനസ്സിലൊളിപ്പിച്ച് ചീത്ത പറയാറുണ്ട്.
ഒരു നേര്‍ത്ത സ്വരത്തില്‍ ഞാന്‍ ചേച്ചിയോട് ചോദിച്ചു.
ഇതാരാ....
അതിനേക്കാള്‍ നേര്‍ത്ത സ്വരത്തില്‍ ചേച്ചി പറഞ്ഞു.
ഇതെന്റച്ഛനാ...
ഇരുട്ടത്ത് അന്ന് കണ്ട മുഖം പിന്നീട് പകലിന്റെ വെളിച്ചത്ത് കണ്ടപ്പോള്‍ കൂടെ ചേച്ചിയുമുണ്ടായിരുന്നു.
പേടിനിറഞ്ഞ കണ്ണുകള്‍,
ഒളിച്ചൊളിച്ച വിറയലോടെ,
ചേച്ചി എന്നേം പിടിച്ച് വേഗത്തില്‍ നടന്നു.
അന്നൊന്നും എനിക്ക് ഒന്നും മനസ്സിലായിരുന്നില്ല.
പിന്നെ എന്റെ അമ്മയുടെ വാക്കുകള്‍ അതെന്തെന്ന് മനസ്സിലാക്കി തന്നു.
ഷിബു ഏട്ടനും അച്ഛനെ പേടിയാണ്.
വഴക്കിനിടെ കൊടുവാള്‍ ഏന്തിയ കൈകള്‍ അച്ഛനില്‍ കണ്ടപ്പോള്‍ അന്ന് പേടിച്ച പേടി ജീവിതത്തിനിതുവരേയും നിലനിന്നു എന്നു മാത്രം.
ചേച്ചി നാലു വയസ്സ് വരെ സംസാരിച്ചിട്ടില്ല.
''എന്നാലും ഇന്നും ചേച്ചിയുടെ മുഖത്ത് നിശബ്ദതകളുടെ തീരങ്ങളിലെ ചിപ്പികളെ കാണാം''.
ഷിബുഏട്ടനാണെങ്കിലും ചിരിക്കുന്നതും അടക്കം പറയുന്നതുപോലെ.
വിങ്ങലുകളെ വിങ്ങലേല്‍പ്പിക്കാനാകില്ല.
കാരണവ വേദനകളാണ്.
വല്ല്യേമ്മ ഇന്നും പണിക്ക് പോകുന്നുണ്ട്.
ഷിബു ഏട്ടന്‍ ഗള്‍ഫില്‍ പോയി വന്നതേയുള്ളു.
ചേച്ചി ഇന്ന് പഠിച്ച് പഠിച്ച് ഡിഗ്രിയെത്തി.
ഇനിയും പഠിക്കുമത്രേ...
ആ നുറുങ്ങു വെട്ടത്തിനിടയിലും ഇടക്കൊക്കെ ഇന്നും ഇരുളേറ്റി ആ അച്ഛന്‍ ആ വഴി വരാറുണ്ട്.
ഇന്ന് ഷിബു ഏട്ടന്‍ വലുതായി.
ഇനി വരില്ലെന്ന് ചേച്ചിക്ക് സമാധാനിക്കാം.
എന്നാലും അന്നും ഇന്നും മനസ്സിലച്ഛന്‍
നിലവിളി ഊട്ടുന്ന കുഞ്ചിപാത്രം തന്നെ.

Comments

Popular posts from this blog