ലോഹങ്ങള്‍ സംസ്കരിച്ച് ഉപകരണങ്ങള്‍ നിര്‍മിക്കല്‍,കൃഷി,കെട്ടിടനിര്‍മാണം,ഇവയെല്ലാം നിരവധി അറിവുകളുടേയും,പ്രയോഗജ്ഞാനത്തിന്റേയും 
ഫലമായാണല്ലോ ഉണ്ടായത്..
എന്തൊക്കെ അറിവുകളാണ് ഇവക്ക് ആവശ്യമായി വന്നത്.
ഈ അറിവുകളും,പ്രയോഗധാരണകളും ഒരേ സ്ഥലത്ത് തന്നെ കണ്ടെത്തിയതാവുമോ
Viswa Prabha അല്ല. നിരന്തരമായ തിരുത്തലുകളിലൂടെ ഏറ്റവും യോജിച്ച രീതികളും പദാർത്ഥങ്ങളും കണ്ടെത്തുകയായിരുന്നു. അവയിൽ ചിലതൊക്കെ ആദിമമനുഷ്യർ അന്യോന്യം കണ്ടും കേട്ടും അനുകരിച്ചും പഠിച്ചറിഞ്ഞവയായിരുന്നു. എന്നാൽ പരസ്പരം ഒറ്റപ്പെട്ടു കിടക്കുന്ന സമൂഹങ്ങളും അവരുടേതായ നിലയിൽ സ്വന്തമായി ഒരേ കണ്ടുപിടുത്തങ്ങളോ സമാനമായവയോ കണ്ടെത്തിയിട്ടുണ്ടു്. കാലക്രമത്തിൽ ഒരേ തരം ജോലിക്കും ആവശ്യത്തിനും പല വിധത്തിലും തരത്തിലുമുള്ള പരിഹാരമാർഗ്ഗങ്ങൾ ആവിർഭവിച്ചു. സ്വന്തം സമൂഹത്തിൽ സുലഭമായി ലഭിക്കുന്നു എന്നതും സ്വന്തം കാലാവസ്ഥയ്ക്കു് അനുയോജ്യമെന്നതും മറ്റുമായിരുന്നു ഇത്തരം വ്യത്യാസങ്ങളുണ്ടാവാൻ കാരണം. എങ്കിൽപ്പോലും ഒറ്റപ്പെട്ട സമൂഹങ്ങൾ പിൽക്കാലത്തു് പരസ്പരം കണ്ടുമുട്ടുമ്പോൾ അവരുടെ അറിവുകൾ കൈമാറുകയും ലഭ്യമായതിൽ മികച്ച അറിവുകളും ഉപകരണങ്ങളും തെരഞ്ഞെടുക്കപ്പെടുകയുമുണ്ടായി.

ഒരു ഉദാഹരണത്തിനു്, 750,000 കൊല്ലമെങ്കിലും ആദിമനുഷ്യൻ അവന്റെ ഏറുകല്ലുപകരണം മെച്ചപ്പെടുത്തിക്കൊണ്ടിരുന്നിട്ടുണ്ടു്. അതും പരസ്പരം ബന്ധമില്ലാത്ത ഒറ്റപ്പെട്ട സമൂഹങ്ങളിൽ തന്നെ. എന്നാൽ ഇന്നത്തെ ഉപകരണങ്ങൾ വളരെപ്പെട്ടെന്നുതന്നെ പരിഷ്കരിക്കപ്പെടുന്നുണ്ടു്. (ഉദാഹരണത്തിനു് ലിനക്സ് ഉബുണ്ടു പുതുതായ ഒരു വേർഷൻ ഉണ്ടാവാൻ വെറും 6 മാസമാണു് എടുക്കുന്നതു്. ചില ആൻഡ്രോയ്ഡ് ആപ്പുകൾക്കു് ഓരോ ആഴ്ച്ചയിലും ഓരോരോ മെച്ചപ്പെടുത്തലുകൾ വരുന്നുണ്ടു്).

എന്തുകൊണ്ടാണു് ഉപകരണങ്ങളുടെ പരിണാമകാലം ഇങ്ങനെ ചുരുങ്ങിയതു്? എല്ലാ മനുഷ്യസമൂഹങ്ങളും ഇന്നു് പരസ്പരം ബന്ധപ്പെടുന്നുണ്ടു്. അതിനുപരി, അവരുടെ അറിവുകൾ കൂടുതൽ നന്നായി പങ്കുവെക്കപ്പെടുകയും പകർത്തിവെക്കപ്പെടുകയും പുനരുപയോഗിക്കപ്പെടുകയും ചെയ്യുന്നുണ്ടു്. പത്തുലക്ഷം വർഷത്തെ ലോകപരിചയം കൊണ്ടു് ഒന്നൊന്നായി നേടിയ ഓരോ അറിവും അതിനുമുമ്പത്തെ അറിവിനോടു ചേർത്തുവെക്കുമ്പോൾ ഫലം പല മടങ്ങുകളായി ഗുണിക്കപ്പെടുകയാണു ചെയ്യുന്നതു്. കൂട്ടപ്പെടുകയല്ല.

കല്ലുളിയും ആൻഡ്രോയ്ഡും തമ്മിൽ താരതമ്യപ്പെടുത്താമോ? തീർച്ചയായും. രണ്ടും നമ്മുടെ അദ്ധ്വാനം കൂടുതൽ എളുപ്പമാക്കുന്ന ഉപകരണങ്ങൾ തന്നെ.

Viswa Prabha ഓരോ പുതിയ വേർഷൻ വരുമ്പോഴും നമ്മുടേയോ കൂട്ടുകാരുടേയോ അറിവുകൾ പുനരുപയോഗിക്കുമ്പോഴും നമുക്കു് അത്രയും കുറച്ചേ അദ്ധ്വാനിക്കേണ്ടതുള്ളൂ. ഓരോ പ്രാവശ്യവും ടൈപ്പ് ചെയ്യുന്നതിനുപകരം കോപ്പി/പേസ്റ്റ് എത്ര എളുപ്പമാണെന്നു് അറിയാമല്ലോ. 

ഇംഗ്ലീഷിൽ ഇതിനെ DO NOT RE-INV
ENT THE WHEEL (ചക്രം വീണ്ടും കണ്ടുപിടിക്കരുതു്) എന്നാണു് പറയുക. ഓരോ പ്രാവശ്യവും "ആദ്യം പൂദ്യം" തുടങ്ങിവെക്കുക എത്ര ബോർ പരിപാടി ആയിരിക്കും!

എങ്കിലും, ഒരു പ്രധാന കാര്യമുണ്ടു്. ഓരോ ഘട്ടത്തിലും പഠിച്ചെടുക്കുന്ന പരമപ്രാധാനമായ തത്വങ്ങൾ പുതിയൊരു വേർഷൻ വരുമ്പോൾ ആവശ്യമില്ലെന്നുവരും. എങ്കിലും അവയെ അങ്ങനെ ഇടയ്ക്കുവെച്ച് ഉപേക്ഷിച്ചുകളയാൻ പാടില്ല. ചിലപ്പോൾ പരിതസ്ഥിതികൾ ഇനിയും മാറിയെന്നിരിക്കും. അപ്പോൾ വീണ്ടും ഒരു പഴയ വേർഷനിലേക്കു തിരിച്ചുപോവുകയും വേണ്ടിവരാം. ആ സമയത്തു് അന്വേഷിക്കുമ്പോൾ പഴയ കണ്ടുപിടുത്തത്തിന്റെ രേഖകളൊക്കെ അവിടെയുണ്ടാവണം.

ഒരുദാഹരണം പറയാം: മുമ്പൊക്കെ നമ്മുടെ നാട്ടിൽ അധികം വീടുകളിലും മണ്ണെണ്ണവിളക്കായിരുന്നു രാത്രി വെളിച്ചം കിട്ടാൻ ഉപയോഗിച്ചിരുന്നതു്. ഇപ്പോൾ ഒട്ടുമിക്ക വീടുകളിലും വൈദ്യുതിയുണ്ടു്. അതുപോലെ, പണ്ടു് വിറകുപയോഗിച്ചായിരുന്നു നമ്മുടെ പാചകം. ഇപ്പോൾ മിക്ക സ്ഥലങ്ങളിലും ഗ്യാസടുപ്പുമുണ്ടു്.

ഒരു ദിവസം പെട്ടെന്നു് കറന്റേ ഇല്ലാത്ത അവസ്ഥ വന്നു എന്നു കരുതുക. മണ്ണെണ്ണവിളക്കാണെങ്കിൽ നാം എറിഞ്ഞുകളയുകയും ചെയ്തു. എന്തുണ്ടാവും? കൂരിരുട്ടിൽ തപ്പേണ്ടി വരില്ലേ?
അല്ലെങ്കിൽ ഗ്യാസിനു ക്ഷാമം വന്നു. വിറകോ അടുപ്പോ ഇല്ല താനും. പട്ടിണി കിടക്കേണ്ടി വരില്ലേ?

എല്ലാ ദിവസവും ടാബിലൂടെ സന്ദേശം അയച്ചുകൊണ്ടിരുന്നു. ഒരു ദിവസം ടാബ് കേടു വന്നു. അല്ലെങ്കിൽ ഇന്റർനെറ്റും ഫോണും കിട്ടാനേയില്ല. പണ്ടാണെങ്കിൽ കമ്പിത്തപാൽ എന്നൊരു ഉപാധിയുണ്ടായിരുന്നു. ഒരു തരം SMS. ഇന്നതില്ല. കഷ്ടമായില്ലേ?

ഇത്തരത്തിൽ ഒരു പാടു് അറിവുകൾ ആളുകൾ വേണ്ടത്ര ശ്രദ്ധ വെക്കാത്തതുമൂലം നഷ്ടപ്പെട്ടുപോയിട്ടുണ്ടു്. ഈജിപ്തിലെ അലക്സാണ്ട്രിയയിൽ ഒരു വലിയ ഗ്രന്ഥശാലയുണ്ടായിരുന്നു. അതു തീപ്പിടിച്ചു കത്തി നശിച്ചതു് നല്ലൊരു ഉദാഹരണമാണു്.

നമ്മളും അത്ര മോശക്കാരൊന്നുമല്ല. ലോകത്തിലെ ഏറ്റവും ചരിത്രബോധം കുറഞ്ഞവർ നമ്മുടെ നാട്ടുകാരാണെന്നു തോന്നാറുണ്ടു്. ഓരോ കരിങ്കൽപ്പാളിയിലും പുഴവഴിയിലും പോലും ചരിത്രം ഒരു ടെക്സ്റ്റുപുസ്തകം പോലെ ഒളിച്ചിരിപ്പുണ്ടാവും. പക്ഷേ അതൊക്കെ മറിച്ചുനോക്കി വായിച്ചറിയാൻ നാം പഠിക്കുന്നില്ല. നമുക്കിഷ്ടം ആ പാറകളൊക്കെ കൊത്തിനുറുക്കി മുപ്പതുകൊല്ലം മാത്രം ആയുസ്സുള്ള വമ്പൻ മാളികകൾ ഉണ്ടാക്കാനാണു്. frown emoticon

സ്കൂളിലും ചരിത്രം ആർക്കും വേണ്ടാത്ത വിഷയമായിരിക്കുന്നു. യുദ്ധം നടന്ന കൊല്ലം അറിഞ്ഞാൽ മുഴുവൻ മാർക്കു് അല്ലെങ്കിൽ മൊട്ട.

അതല്ല ചരിത്രം. സയൻസിനെപ്പോലെയും കണക്കിനേയും ഭാഷയേയും പോലെത്തന്നെ സുന്ദരവും പ്രധാനവുമാണു് ശരിയായ ചരിത്രപാഠങ്ങളും.

Comments

Popular posts from this blog