വിനീത ചേച്ചിയുടെ ഒരു കവിത
ഞാനൊരു വലിയ കടക്കാരിയാണ്
ഞാനൊത്തിരി കടങ്ങള്‍
വാങ്ങികൂട്ടിയിരിക്കുന്നു.
അതിന്റെ പലിശപോലും
അടച്ചുതീര്‍ത്തിട്ടില്ല.
കാലാവധി വിധിക്കുന്നത്
ആയുര്‍ദൈര്‍ഘ്യമാണ്.
ഞാനേറ്റവും കടമെടുത്തിരിക്കുന്നത്
അമ്മയില്‍ നിന്നാണ്.
സ്വഭാവം; അതാണ് വലിയ കടം.
ചിലര്‍ പറയുന്നു,‌ അമ്മയുടെ മുഖവും
ഞാന്‍ കടമെടുത്തിരിക്കുകയാണെന്ന്.
അതെന്തായാലുമല്ല.
അതെന്റെ മുതലാണ്.
കുറച്ച് അച്ഛനില്‍ നിന്നും
പലിശയില്ലാതെടുത്തിട്ടുണ്ടെങ്കിലും.
പിന്നെ ചിരി.
അതൊരു പരസ്യത്തില്‍നിന്നും
കടമെടുത്തതാണ്.
അവര്‍പോലും അറിഞ്ഞിട്ടില്ല
ഞാന്‍ വാങ്ങിയകടമെത്രയാണെന്ന്.
മനസ്സിലൊളിച്ചിരിക്കുന്ന
ഒരുപാട് രാക്ഷസി കഥകള്‍
അതെന്റെ മുത്തശ്ശി തന്നതാ.
അവര്‍ക്ക് മുതല്‍പോലും
മടക്കിനല്‍കേണ്ടത്രേ.
പിന്നെ,പൂക്കളോടുള്ള
ഈ അമിത പ്രണയം
എന്റെ ആന്റി സമ്മാനിച്ചതാ.
ആന്റിക്കതിന്റെ മുതലും പലിശയും
കൃത്യമായി തിരിച്ചു നല്‍കണം.
വായനയോടും, സംഗീതത്തോടുമുള്ള
അഭിനിവേശം
എനിക്കെന്റെ ടീച്ചര്‍ തന്നതാ.
ഇന്ററസ്റ്റായി അവര്‍ക്ക്
സ്നേഹം മാത്രം മതിയത്രേ.
പക്ഷെ, ആരും ചോദിച്ചിട്ടില്ലെങ്കിലും
മുതല്‍ തിരിച്ചു ല്‍കണം.
അതെല്ലാം ഞാന്‍ നിക്ഷേപിച്ചിട്ടുണ്ട്.
എന്റെ മനസ്സെന്ന ബാങ്കില്‍
ഫിക്സഡ് ഡെപ്പോസിറ്റായി.
മുതലും പലിശയം കൂട്ടുപലിശയും
ചേര്‍ത്തിനി വരുന്നവര്‍ക്ക് നല്‍കാം.
അതാരും കൊള്ളയടിച്ചില്ലെങ്കില്‍.
ചേച്ചി മരിച്ചിട്ടാണ് ചേച്ചിയുടെ കവിത വായിക്കാന്‍ കഴിഞ്ഞത്.
വലിയ നഷ്ടബോധം തോന്നുന്നു.
ചേച്ചിയുടെ കു‍ഞ്ഞുപുസ്തകം ആരുടേയെങ്കിലും കൈയ്യിലുണ്ടെങ്കില്‍ അയച്ചുതരാമോ...

Comments

Popular posts from this blog

2016 wikipedia indian conference, chandikhand