പ്രിയപ്പെട്ടവരോട് വീണ്ടും...
അന്ന് രാത്രി എല്ലാവിടേയും സന്തോഷമായിരുന്നു. ഒരുപാട് നാളുകളുടെ, ഒരുപാട് പേരുടെ , അറിയുന്നവരും അറിയാത്തവരുടെ പ്രയത്നങ്ങളോടെ അര്‍ച്ചനയുടെ വീട് തിരിച്ച് കിട്ടുന്ന ആ ദിവസം എല്ലാവര്‍ക്കും മധുരമേറിയതായിരുന്നു. വൃക്കസംബന്ധമായ രോഗങ്ങള്‍ വല്ലാതെ അര്‍ച്ചനയെ അലട്ടുന്നുണ്ടെങ്കിലും അമ്മ സുനിതയും, ജ്യേഷ്ടന്‍ അതുലും, അമ്മമ്മയും ആ വീട്ടില്‍ അവരുടെ ചുമരുകളില്‍ സന്തോഷമെഴുതി. അന്ന് അര്‍ച്ചന പാടൂര്‍ എ.എല്‍.പി.സ്ക്കൂളില്‍ മൂന്നാം ക്ലാസ്സുകാരിയായിരുന്നു. ഫെയിസ്ബുക്കിലൂടെ സഹായിച്ച ഒരുപാട് മനസ്സുകളുടെ ഒരു ശേഖരം അര്‍ച്ചനയുടെ ചികിത്സക്കായിരുന്നു.. എല്ലാ മാസവും ആശുപത്രിയിലേക്ക് പോകണം. അമ്മ എന്നും അതിരാവിലെ ഹോട്ടലിലേക്ക് പണിയെടുക്കാന്‍ പോകും, വളരെ വൈകി വീടിന്റെ മങ്ങിയ വെളിച്ചത്തിലേക്ക് തിരിച്ചെത്തും. ഇപ്പോള്‍ രണ്ട് വര്‍ഷം പിന്നിടുകയാണ്.
അര്‍ച്ചന അഞ്ചാം ക്ലാസ്സിലെത്തി. ജ്യേഷ്ടന്‍ അതുല്‍ ആറിലും. ഏട്ടനോടൊപ്പം കുറേ പക്ഷികളെ ഫോട്ടോ എടുക്കാന്‍ അന്നൊരു വൈകുന്നേരം പാടങ്ങളിലേക്കിറങ്ങി. പതുക്കെ പതുക്കെ വെളിച്ചം മറയുന്നതും, കിളികളുടെ കണ്ണുകള്‍ കൂടുകളിലേക്ക് ഇടതൂര്‍ന്ന ചിറകുകളോടെ പറന്നകലുന്നതും കുറച്ച് നേരം കണ്ടുനിന്നു. അപ്പോഴാണ് അങ്ങ് ദൂരെ ഒരു മെലിഞ്ഞ ശരീരം നിഴലുകള്‍ പേറി വരുന്നത്. അര്‍ച്ചനയുടെ അമ്മയായിരുന്നു അത്. വലിയൊരു മന്ദഹാസത്തോടെ അവര്‍ പറഞ്ഞു, പണി കഴിയാന്‍ ഇന്ന് കുറച്ച് വൈകി. അപ്പോഴും ആ ഇരുട്ടില്‍ കാണാവുന്ന ഒരു വെളിച്ചം അമ്മയുടെ പുഞ്ചിരിയില്‍ നിറയുന്നുണ്ടായിരുന്നു. അര്‍ച്ചനയുടെ അഞ്ചാം ക്ലാസ്സ് കഴിയാറായി. അടുത്ത കൊല്ലം അതുല്‍ പഠിക്കുന്ന കാവശ്ശേരി സ്ക്കൂളിലേക്ക് തന്നെ മാറ്റണം. കിലുങ്ങുന്ന ഉച്ചഭക്ഷണ പാത്രങ്ങള്‍ സഞ്ചിയില്‍ പതിയെ മറയുന്നതുപോലെ അമ്മയും ദൂരേക്ക് നടന്നകന്നു. ഒരുപക്ഷെ അവസാനമായി അവരെ കാണുന്നത് അന്നായിരിക്കണം.
കാരണം ഒരു പ്രഭാതത്തില്‍ അവരുടെ സ്വപ്നങ്ങളും, പു‍ഞ്ചിരിയും, ഇരുട്ടിലേക്ക് വീണകന്നിരുന്നു. അന്ന് അര്‍‍ച്ചനയും, കൂട്ടുകാരും, സ്ക്കൂളുമൊത്ത് ദൂരേക്കൊരു വിനോദയാത്രയ്ക്ക് പോകുകയായിരുന്നു. ജനലിലൂടെ അമ്മയേതേടുന്ന അര്‍ച്ചനയിലേക്ക് അമ്മ ഓടിയെത്തിയതായിരുന്നു. ദൂരേന്നൊരു ബൈക്ക് അര്‍ച്ചനയുടെ അമ്മയെ ഇടിച്ച് തെറിപ്പിച്ച് വീണുടഞ്ഞു. എല്ലാവരും ചെറിയൊരു പരുക്കില്‍ ആശ്വസിച്ചു. പക്ഷെ ആശുപത്രിയ്ക്കു മുമ്പേ അവരുടെ ജീവന്‍ കീഴടങ്ങിയിരുന്നു. മോര്‍ച്ചറിയില്‍ നിന്ന് അമ്മയുടെ അണയുന്ന വെളിച്ചം ഒരുകൂട്ടം ഉറുമ്പുകളേപോലെ നടന്നകന്നു. തിരിച്ച് വീട്ടിലേക്ക് കൊണ്ടുവരുമ്പോള്‍ അമ്മയുടെ ഓരോ സ്വപ്നങ്ങളുടം മിടിച്ചുകൊണ്ടിരിക്കുകയായിരുന്നു, അമ്മയെ കാണാതെ നിലവിളിക്കുന്ന അര്‍ച്ചനയേയും, അതുലിനേയും കണ്ട് ആ വെളിച്ചവും സ്തംബിച്ചിട്ടുണ്ടാകും. അമ്മയുടെ തറവാട്ടിലേക്ക് ഭൗതികശരീരം അപ്പോള്‍തന്നെ കൊണ്ടുപോയി. ഒപ്പം അര്‍ച്ചനയേയും, അതുലിനേയും. അവരുടെ മാമന്‍ അവരെ ഏറ്റെടുത്തിരുന്നു. ഓട്ടോ തൊഴിലാളിയാണദ്ദേഹം. അവര്‍ക്ക് രണ്ട് മക്കളുണ്ട്. ആ കു‍ഞ്ഞു വീട്ടിലേക്ക് രണ്ട് മക്കള്‍കൂടി. അതെത്രനാള്‍ ഉണ്ടെന്നറിയില്ല.
കാലം ദുഃഖത്തെ മെല്ലെ മെല്ലെ മായ്ക്കും, അപ്പോള്‍ അവര്‍‍ മെല്ലെമെല്ലെ പുറത്താകില്ലേ...
ഇന്ന് വൈകുന്നേരം അര്‍ച്ചനയേയും, അതുലിനേയും കാണാന്‍ പോയിരുന്നു. കൂടെ പാടൂര്‍ സ്ക്കൂളിലെ കണ്ണന്‍മാഷുമുണ്ട്.. എല്ലാവരേയും എങ്ങനെ അഭിമുഖീകരിക്കണമെന്ന് അര്‍ച്ചനയ്ക്ക് അറിയുന്നുണ്ടാവില്ല, ഒരുപാട് ദുഃഖങ്ങളോടെ ആരുടേയും മുഖത്തേക്ക് നോക്കാതെ ഉള്ളില്‍ വിങ്ങുന്ന അര്‍ച്ചനയെ അന്ന് കണ്ടു. എനിക്കെന്റമ്മയെ വേണമെന്ന് കരയുന്ന അതുല്‍ ഏറെ വേദനയോടെ .....
സനാഥരായ നമുക്കെല്ലാവര്‍ക്കും നമ്മളുടെ ആഗ്രഹങ്ങള്‍ അറിഞ്ഞ് ചെയ്തുതരാനും, നമ്മളറിയാതെ നമ്മളെ വായിക്കുകയും ചെയ്യാന്‍ എല്ലാവരുമുണ്ട്. പക്ഷെ ചിലരൊക്കെ പുറത്ത് യാഥാര്‍ത്ഥ്യങ്ങളാല്‍ അനാഥരാകുന്നു. അര്‍ച്ചനയുടെയും, അതുലിന്റേയും ഭാവി ഇനി എങ്ങനെയാണെന്നറിയില്ല. അവസരങ്ങളാല്‍ വീര്‍പ്പുമുട്ടുന്ന നാമെല്ലാവരും, തന്റെ ഉള്ളങ്ങളെ പറത്തിവിടാന്‍ ആകാശങ്ങളില്ലാതെ വിതുമ്പുന്നവരും.
ജീവിതം ഇനിയും മുന്നോട്ടാണ്, അവിടേക്ക് ഒരുകൈ സഹായം അര്‍ച്ചനയുടേയും, അതുലിന്റേയും ബാല്യത്തിലേക്ക്. അവര്‍ അനാഥരാകരുത്. എത്രതന്നെ ശപിക്കപെടുമ്പോഴും ഈ ലോകം നിലനില്‍ക്കുന്നത് ചില അനാഥത്വങ്ങളുടെ കണ്ണീരുകൊണ്ടാണ്. അവരിലേക്ക് നമുക്കോരോരുത്തര്‍ക്കും കൈകോര്‍ക്കാം.
#HELPArchanaAthul
#Metoo

Comments

Popular posts from this blog

2016 wikipedia indian conference, chandikhand