‪#‎വര‬ ‪#‎ഓര്‬‍‍മ്മ ‪#‎ജീവിതം‬
പതിവുപോലെ തന്നെ ഇന്ന് ഗ്ലാസ്സ് പൊട്ടി.
ദിവസേന നടക്കുന്ന കാര്യമൊന്നുമല്ല അത്.
വര്‍ഷത്തിലൊരിക്കല്‍ മാത്രം ഉള്ള ഒരിക്കലും തെന്നിനീങ്ങാത്ത ഒരു പ്രതേക ദിവസങ്ങളില്‍ മാത്രമായിരുന്നു അത്.
ഇന്നാണാ ദിവസം.
അച്ഛാച്ചന്റെ ശ്രാദ്ധമാണിന്ന്.(ഓര്‍മ്മനാള്‍)
അതിന്റെ ഓര്‍മ്മക്കായി വീട്ടിലെ ഗ്ലാസ്സുകള്‍ മെഴുതിരിയെപോലെ എല്ലാവര്‍ഷവും തന്നെതാന്‍ തന്നെ വീണുമരിക്കുമായിരുന്നു.
ഇന്ന് എന്റെ കൈയ്യില്‍ നിന്നായിരുന്നു അത് സംഭവിച്ചത്.
കഴിഞ്ഞപ്രാവശ്യം,ഏട്ടനും,പിന്നെ അമ്മയും,അച്ഛനുമായിട്ടാണ് ഇത് നടന്നത്.
പുറത്ത് കരോളും പാടി ഉല്ലസിക്കുമ്പോള്‍ പലവീടുകള്‍ക്കുമിടയിലെ ശബ്ദമില്ലാത്ത വേളപോലെതന്നെയായിരുന്നു ഇന്നിവിടയും.
അന്നും അത് ക്രിസ്തുമസ്സ് ആഘോഷത്തിനായി പുല്‍ക്കൂട് കെട്ടുന്ന ദിവസമായിരുന്നു.
ഒരിക്കലും മാറാത്ത കാലം.....
അച്ചാച്ഛനെ ഞാന്‍ കണ്ടിട്ടില്ല.
ഏതാണ് ഏട്ടനെപോലെയെന്ന അച്ഛന്റെ വാക്കുകള്‍ മാത്രമായിരുന്നു എനിക്ക് എന്റച്ചാച്ഛന്‍.
എന്നാല്‍ അച്ചാച്ഛനെക്കുറിച്ചുള്ള കഥകളും അച്ഛന്‍ പാടിതരാറുണ്ടായിരുന്നു.
മെലി‌ഞ്ഞ് മസിലുകള്‍ മാത്രം കാണുന്ന ഉയരം കൂടിയ ഒരു മനുഷ്യനായിരുന്നത്രേ അച്ചാച്ഛന്‍.
നാലുകോലുകള്‍ കൊണ്ടുമാത്രം വിളഞ്ഞവീടിന്റെ എന്നാല്‍ മുക്കും മൂലയും അച്ചാച്ഛന്റെ അറിവുകളും,പുസ്തകങ്ങളുമായിരുന്നു.......
വീട്ടിലെ അടുപ്പുപുകഞ്ഞില്ലെങ്കിലും പുകയാത്ത മറ്റുവീടുകളിലെ അടുപ്പുകളിലെ തീയായി മാറിയിട്ടേ അച്ചാച്ഛന്‍ വീട്ടിലേക്കെത്താറുള്ളൂ...
ചിലപ്പോള്‍ അത് ഒരു നേരത്തെ അരിയായിരിക്കും,മറ്റുചിലപ്പോള്‍ മറ്റെന്തെങ്കിലും.
അച്ചാച്ഛന്‍ അച്ഛന് കുറേ കഥകള്‍ പറഞ്ഞുതന്നിട്ടുണ്ടായിരുന്നു
ആ കഥകളൊക്കെയായിരിക്കും രാത്രിയുടെ മടിതട്ടിലൂടെ നക്ഷത്രത്തിന്റെ നെറ്റിയിലൂടെ ഒഴുകിയൊഴുകി എന്നിലേക്കെത്തിയതും.
ആ കഥകള്‍ ഒരായിരം ആട്ടിന്‍പറ്റങ്ങളായിരുന്നു.
അതിലെ ആട്ടിടയന്‍ അച്ചാച്ഛനും.
ഒരിക്കല്‍ ഒരു രാത്രിയില്‍ ഒരു കുറുക്കന്‍ വന്നു, ആട്ടിന്പറ്റങ്ങളെ രക്ഷിക്കാനായി അച്ചാച്ഛനും കുറുക്കനും ആക്രമണത്തിലായി.
അതില്‍ അച്ചാച്ഛന്‍ ചെറിയൊരു കാലിടറലില്‍ തോറ്റുപോയി.
എന്നന്നേക്കുമായി.‍
ആ കുറുക്കനെ ആര്‍ക്കും തോല്‍പ്പിക്കാനാവില്ലന്നാ അച്ഛന്‍ പറയുന്നേ..
കാരണം ആ കുറുക്കന്‍ മരണമായിരുന്നു.
കാലത്തിന്റെ ഉറ്റ സുഹൃത്തും.
എന്നാല്‍ ആ മരണത്തിനുപോലും അച്ചാച്ഛന്റെ ആട്ടിന്‍പറ്റങ്ങളെ നശിപ്പിക്കാനായില്ല.
കാലാന്തരത്തില്‍ കൈമാറി കൈമാറി ചിലപ്പോള്‍ ഇരുട്ടിലട‌ഞ്ഞ്,വീണ്ടും ഉണര്‍ന്ന്,ഉയര്‍ന്ന്,ഓടി,മറിഞ്ഞ്,ചാടി.വീണ്,
അവയൊക്കെ വീണ്ടും വീണ്ടും വീണ്ടും ആവര്‍ത്തിച്ചുകൊണ്ടേയിരിക്കും.
എന്നാല്‍ ഘടികാരം നിലക്കുന്നതുപോലെ കാലവും ഒരുനാള്‍ നിലക്കും,
ആ നേരം വേറെയാരുടേയോ കുഞ്ഞുമനസ്സുകളില്‍ അമ്പിളിമാമനായി എന്നും ആ ആട്ടിന്‍പറ്റങ്ങളുണ്ടാവും.
അതിനൊരു ആട്ടിടയനും..........

Comments

Popular posts from this blog