
ഇന്നും ഒരു തൊടിക്കാരന്‍ വന്നിരുന്നു. ആടുകളെ കുറിച്ച് പരാതി പറയാനായിരുന്നു. അയാളുടെ തൊടിയിലെ വരണ്ടുണങ്ങിയ പുല്‍നാമ്പുകള്‍ തിന്നതിന്റെ ക്ഷീണത്തിലാണ് മുതലാളി വന്നത്. ഇനി ബുദ്ധിമുട്ടിക്കരുതെന്ന് പറഞ്ഞു. ഇപ്പോള്‍ ഏകദേശം ഇരുപതോളം ആടുകളുണ്ട്. പുതുതായി കുറേ കുഞ്ഞന്‍മാരും വന്നു ചേര്‍ന്നിരിക്കുന്നു. അതോണ്ടുതന്നെ കുറച്ചെണ്ണത്തെ വിറ്റു. തുമ്പിയേയും, ഇസബെല്ലയേയും, വായനയേയും, കല്യാണിയേയും, തളിരിനേയും,കിളിയേയും എല്ലാരേയും. ഇനി അവരൊന്നും തൊടിക്കാര്‍ക്ക്, മുതലാളിമാര്‍ക്ക് ശല്യമുണ്ടാക്കില്ല. അവരുടെ റബറും, പുല്‍നാമ്പുമൊക്കെ വേരുറപ്പിച്ച്, വള്ളികള്‍ പടര്‍ത്തി വളര്‍ന്നോളും. നായയുടെ കൂര്‍ത്ത നഖങ്ങളുടെ മുറിവുകളിലായിരുന്നു തുമ്പിയാടിന്റെ തുടക്കം. ആ മുറിവ് പിന്നീടുണങ്ങിയിട്ടില്ല. അവള്‍ നൊണ്ടിയാണ്. ആ നിലവിളി അവസാനം വരേയും തന്റെ ശബ്ദം അവളില്‍ ഉയര്‍ത്തിക്കൊണ്ടിരിക്കും. ഒരുപാട് വേദനകളെ കയറിട്ടു മുറുക്കി, സ്വപ്നങ്ങളെ അടുക്കി കയറ്റിയ ഒരു പെട്ടി ഓട്ടോ മുറ്റത്ത് വന്നു നിന്നു. തുരുമ്പിച്ച് അതിന്റെ കരങ്ങളിലേക്കാണ് വിലയിട്ട മാംസകഷ്ണങ്ങളേപോലെ ആടുകളുടെ കഴുത്ത് വച്ചു നീട്ടിയത്. "വിലയിടപ്പെട്ടവരോട് വിടപറയാനാകില...