
പ്രതിഭകൾക്ക് കാലത്തെ നേരത്തേ അറിയാം, ആ കാലമെത്തുന്ന സമയവും അവർക്കറിയാം. ചുരുക്കിയാൽ അവർ തന്നയാണ് കാലവും. ഇന്ന് അങ്ങനെയൊരു പ്രതിഭയെ അറിഞ്ഞു. ക്ലിന്റ് എന്ന ചെറിയ വലിയ മനുഷ്യനെ. ഞാൻ ചെറുതായിരിക്കുമ്പോൾ ക്ലിന്റിനെക്കുറിച്ചുള്ള കഥകൾ വായിച്ചിരുന്നു.(ഇപ്പോഴും ചെറുത് തന്നെ) പിന്നീട് കുറച്ച് കാലത്തിന് ശേഷം ഇന്ന് വീണ്ടും ആ കഥകൾ കേട്ടു. നൊമ്പരപ്പിക്കുന്ന കുറേ , കുറച്ച് കഥകൾ. 2500 ദിവസങ്ങൾ മാത്രം ജീവിച്ച് 25000-ൽ അധികം ചിത്രങ്ങൾ വരച്ച ക്ലിന്റിന്റെ കഥ. ക്ലിന്റ് ജനിച്ചത് എഴുപതുകളിലെ എറണാകുളം നഗരത്തിന്റെ പശ്ചാത്തലത്തിലായിരുന്നു. ക്ലിന്റിന്റെ പേരും, ജനനവും എല്ലാം അച്ഛനമ്മമാർ നേരത്തേ കണക്കൂക്കൂട്ടി വച്ചതായിരുന്നു, പക്ഷെ ക്ലിന്റിന്റെ മരണത്തെ ക്ലിന്റ് തന്നെ കൂട്ടിയും, കിഴിച്ചും വച്ചിരുന്നോ. ക്ലിന്റ് ആദ്യമായി വരച്ചത് ഒരു പൂർണ്ണവൃർത്തമായിരുന്നു, അതിൽ നിന്നും ആ കലാകാരൻ ഓർത്തെടുത്തതും,നമ്മോട് പറയാനുദ്ദേശിച്ചതും, എന്തായിരിക്കാം. അന്ന് ക്ലിന്റിന് ആറ് മാസമാണ് പ്രായം. ഒരു ആറുമാസപ്രായക്കാരൻ വരച്ച വൃത്തത്തിന് പക്ഷെ ഇന്ന് പഴക്കം ഏറെയാണ്. ആ വൃത്തത്തിൽ നിന്ന് ചോക്കിലേക്കും, ക്രയോണിലേക്കും, പിന്നെ അനന്തതയിലേക്കുമായി...