
കാലത്തിന്റെ സമയം നോക്കാൻ നമ്മളും കാലമാകണം. പക്ഷെ ഇടയ്ക്കൊക്കെ ആ കാലം ചിലരുടേയൊക്കെ സമയത്തെ ഇല്ലാതാക്കാറുണ്ട്. വീട്ടുമുറ്റത്ത്, മുത്തശ്ശിമാവിൻ ചോട്ടിൽ കരിഞ്ഞ ഇലയിടുക്കുകൾക്കിടയിൽ ഇന്ന് വീട്ടിലെ ആറ് ഘടികാരങ്ങൾ നിലച്ചു. ആ ഘടികാരങ്ങൾ ജീവനുള്ള, കുടംബത്തിലെ അംഗങ്ങളായ കോഴികൾ തന്നെയായിരുന്നു. പുതുതായി വിരിഞ്ഞ്, ചിറകടിച്ച കുഞ്ഞൻ കോഴികളും, പിന്നെ കരുമിയെന്ന തള്ളക്കോഴിയും, ചാത്തനും. അവരുടെ സെക്കന്റ് സൂചികൾ മിടിക്കാതായപ്പോൾ അന്ത്യത്തിലേക്കുള്ള സെക്കന്റുകൾ എണ്ണപ്പെട്ടു. മിനുട്ട് സൂചിയും, നിലച്ചപ്പോൾ ഇനി മിനുട്ടുകൾ മാത്രം. പടിപടിയായി,തോൽവിയിൽ നിന്ന് വിജയത്തിലേക്ക് പാറുന്നതുപോലെ ആ ഘടികാരങ്ങളോരോന്നായി നിലച്ചുകൊണ്ടിരുന്നു. ആദ്യം തള്ളകോഴികളും കുഞ്ഞുങ്ങളുമായിരുന്നു, അവിടെ കാലം പ്രതിഷ്ടിച്ചത് നീണ്ട വാലുള്ള, കൂർത്ത നഖമുള്ള ഒരു പോക്കാനെ. ഇരുട്ട് എപ്പോഴും ഒരു കാലമാകുന്നത് ഇതുകൊണ്ടാവാം. ആ കാലത്തെ എനിക്ക് കാണാൻ കഴിഞ്ഞില്ല, ഇരുട്ട് മൂടി മറഞ്ഞ് മനസ്സിനേയും അതിരുട്ടാക്കിയിരിക്കാം. പക്ഷെ ഈ ഇരുട്ടിലും അവരുടെ നിലവിളികൾ മുഴങ്ങികേൾക്കാമായിരുന്നു. ആകാശത്തെ, പിളർത്തും പോലെ ദയനീയമായി ഉയർന്നും, താഴ്ന്നുമുള്ള ആ ശബ്ദങ്ങ...